Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിനെ അച്ചടക്കമില്ലാത്ത ആൾക്കൂട്ടമാക്കില്ല: മുല്ലപ്പള്ളി

mullappally-ramachandran-2

ന്യൂഡൽഹി ∙ കോൺഗ്രസ് അച്ചടക്കമില്ലാത്ത ആൾക്കൂട്ടമായി മാറാൻ അനുവദിക്കില്ലെന്നും ഹൈക്കമാൻഡുമായി ആലോചിച്ചശേഷം സംസ്ഥാന ഭാരവാഹി പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 

ജംബോ ഭാരവാഹി സമിതികളെ എക്കാലവും എതിർത്തിട്ടുണ്ട്. കോൺഗ്രസ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കഴിവുള്ളവർക്കെല്ലാം പാർട്ടിയിൽ ഇടമുണ്ട്. യുവാക്കൾ, സ്ത്രീകൾ എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

വർക്കിങ് പ്രസിഡന്റുമാരുടെ ചുമതലകൾ ദേശീയ നേതൃത്വവുമായി ചർച്ചചെയ്തു തീരുമാനിക്കും. എല്ലാവരെയും ഒപ്പം നിർത്തി മുന്നോട്ടുപോവുകയാണു തന്റെ നയം. ഇടതുമുന്നണിക്കും ബിജെപിക്കുമെതിരെ ദ്വിമുഖ പോരാട്ടം കോൺഗ്രസ് നടത്തും. കേരളത്തിൽ ചിലയിടങ്ങളിൽ ബിജെപി സാന്നിധ്യം മെച്ചപ്പെടുത്തിയിട്ടുണ്ട്. 

മുന്നണി സംവിധാനത്തിൽ ഘടകകക്ഷികളുമായി ചില വിട്ടുവീഴ്ചകൾ വേണ്ടിവരും. തനിക്ക് എല്ലാ നേതാക്കളുമായി നല്ല ബന്ധമുണ്ട്. സാമൂഹിക സംഘടനകളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും. 

പാർട്ടി തന്നെ ഏൽപിച്ച ദൗത്യങ്ങളെല്ലാം ആത്മാർഥതയോടെ നിറവേറ്റിയിട്ടുണ്ടെന്നും പുതിയ പദവിയിലും അതിനു മാറ്റമുണ്ടാവില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അച്ചടക്കം ഉറപ്പാക്കുക: രാഹുൽ

പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കാൻ ഊർജിത നടപടികൾ സ്വീകരിക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം. കെപിസിസി പ്രസിഡന്റായി നിയമിച്ചതിനു പിന്നാലെ ഫോണിൽ വിളിച്ചാണു രാഹുൽ ഇക്കാര്യം നിർദേശിച്ചത്. രാഹുലുമായി മുല്ലപ്പള്ളി ഇന്നു കൂടിക്കാഴ്ച നടത്തും. 

വിശദ ചർച്ചകൾക്കായി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, എം.ഐ.ഷാനവാസ്, കെ.സുധാകരൻ, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, തിരഞ്ഞെടുപ്പു പ്രചാരണ സമിതി അധ്യക്ഷൻ കെ.മുരളീധരൻ എന്നിവർ നാളെ ഡൽഹിയിലെത്തും.

അതൃപ്തിയില്ല: കെ. സുധാകരൻ

കൊച്ചി ∙ കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിൽ നിരാശയില്ലെന്നു കെ. സുധാകരൻ. ഇനിയും അവസരമുണ്ട്. പുതിയ പട്ടികയിൽ അതൃപ്തിയില്ല; മറിച്ചുള്ള വാർത്തകളിൽ അടിസ്ഥാനവുമില്ല. പുതിയ നേതൃത്വം ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു ഗുണം ചെയ്യും. വർക്കിങ് പ്രസി‍ഡന്റ് സ്ഥാനം ഏറ്റെടുക്കും. എഐസിസിയുടെ തീരുമാനമാണ് അന്തിമം.

വ്യക്തിപരമായ താൽപര്യത്തെക്കാൾ പാർട്ടി തീരുമാനമാണു പ്രധാനം. മരിക്കുംവരെ കോൺഗ്രസ് ശ്വാസമായിരിക്കും തന്റേതെന്നും പാർട്ടി താൽപര്യം ഹനിക്കുന്ന ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.