Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്യോഗസ്ഥർക്കു യഥാർഥ ‘സാലറി ചാലഞ്ച് ’ നാളെ മുതൽ

salary

തിരുവനന്തപുരം∙ സംസ്ഥാനത്തെ 30,000 സർക്കാർ ഉദ്യോഗസ്ഥർക്കു നാളെ മുതൽ ‘കട്ടിപ്പണി’. സർക്കാർ പ്രഖ്യാപിച്ച സാലറി ചാലഞ്ചിനോടു ‘നോ’ പറയുന്നവരുടെയും പറയാത്തവരുടെയും ശമ്പളം തയാറാക്കാൻ നിയോഗിക്കപ്പെട്ട സാലറി ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർമാരാണു (ഡിഡിഒ) നാളെ മുതൽ ഒരാഴ്ച രാപകൽ അധ്വാനിക്കേണ്ടി വരുന്നത്. 

അഞ്ചേമുക്കാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ അഞ്ചു ലക്ഷം പേർക്കും സ്പാർക് വഴി‌യാണു ശമ്പളം നൽകുന്നത്. ശമ്പളം സംഭാവനയായി നൽകാത്തവരുടെ ബിൽ പഴയതു പോലെയും ശമ്പളം നൽകാൻ തീരുമാനിച്ചവർക്കായി മാറ്റങ്ങൾ വരുത്തിയും തയാറാക്കേണ്ടതിനാൽ പണി ഇരട്ടിയാകും. ഇതിനായി സ്പാർക് സോഫ്റ്റ്‌വെയറിൽ കഴിഞ്ഞ ദിവസം അധിക സൗകര്യങ്ങൾ ഏർപ്പെടുത്തി.  

ശമ്പളം നൽകാൻ തയാറല്ലാത്തവർ അത് എഴുതി നൽകേണ്ട അവസാന ദിനം നാളെയാണ്. ‘നോ’ പറയുന്നവരുടെയും 10 തവണയായി ശമ്പളം നൽകുന്നവരുടെയും ബില്ലുകൾ ഒറ്റയടിക്കു തയാറാക്കാം. 

എന്നാൽ, കുറഞ്ഞ തവണകൾ തിരഞ്ഞെടുക്കുന്നവരുടെയും ശമ്പളക്കുടിശികയുടെ നാലാം ഗഡുവിൽ നിന്നു പണം നൽകാൻ ആഗ്രഹിക്കുന്നവരുടെയും ബില്ലുകൾ വെവ്വേറെ തയാറാക്കേണ്ടി വരും. ലീവ് സറണ്ടർ, പിഎഫ് വായ്പാ തിരിച്ചടവു നീട്ടിവയ്ക്കൽ തുടങ്ങിയ ക്രമീകരണങ്ങളും വരുത്തേണ്ടതുണ്ട്. ആയിരക്കണക്കിനു പേരുടെ ബില്ലുകൾ ഒരാൾ തയാറാക്കേണ്ടി വരുന്ന പൊലീസ് വകുപ്പിലെ ഡിഡിഒമാർക്കാണു കൂടുതൽ ഭാരിച്ച പണി. സെക്രട്ടേറിയറ്റിലെ പ്രധാന വകുപ്പുകൾക്കെല്ലാം ഡിഡിഒമാരുള്ളതിനാൽ അവിടെ വേഗത്തിൽ ജോലി തീർക്കാം. 

അതേസമയം, വിസമ്മതക്കത്ത് വാങ്ങരുതെന്നും വാങ്ങണമെന്നുമുള്ള കടുത്ത സമ്മർദമാണു ഡിഡിഒമാർ നേരിടുന്നത്. സംഘടനാ നേതാക്കളായ ചില ഡിഡിഒമാരാകട്ടെ രാഷ്ട്രീയ താൽപര്യത്തിനൊത്തു വിസമ്മതക്കത്ത് മുക്കുകയും പൊക്കുകയും ചെയ്യുന്നുണ്ട്. നാളെ കൂട്ടത്തോടെ വിസമ്മതക്കത്ത് നൽകാൻ പ്രതിപക്ഷ സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ പല ഓഫിസുകളിലും നാളെ സംഘർഷത്തിനും സാധ്യതയുണ്ട്. 

നാളെയാണു വിസമ്മതക്കത്ത് നൽകാനുള്ള അവസാന ദിനമായി സർക്കാർ പ്രഖ്യാപിച്ചതെങ്കിലും വിസമ്മതക്കത്ത് പിൻവലിക്കാൻ അതിനു ശേഷവും അവസരം നൽകണമെന്നു ഡിഡിഒമാർക്ക് അനൗദ്യോഗിക നിർ‌ദേശം നൽകിയിട്ടുണ്ട്. 

തീരുമാനമെടുക്കാതെ കെഎസ്എഫ്ഇ

തിരുവനന്തപുരം∙ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ കെഎസ്എഫ്ഇ. മാനേജ്മെന്റും യൂണിയനുകളുമായി ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. പകരം ജീവനക്കാരുടെ ഓഗസ്റ്റ് 16 മുതൽ 17 വരെയുള്ള ഹാജർ സ്പെഷൽ അവധിയായി അനുവദിക്കാനും ദുരിതബാധിതരായ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകാനും തീരുമാനിച്ചു.