Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരളം: 25,050 കോടി വേണ്ടിവരുമെന്ന് ലോകബാങ്ക്– എഡിബി റിപ്പോർട്ട്

തിരുവനന്തപുരം∙ പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനർനിർമാണത്തിന് 25,050 കോടി രൂപ ആവശ്യമാണെന്നു ലോകബാങ്ക്– ഏഷ്യൻ വികസന ബാങ്ക് (എഡിബി) സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്. എത്രയും വേഗം കേരളത്തിനു വായ്പ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു സംഘം അറിയിച്ചു.

ലോകബാങ്കും എഡിബിയും കേരളത്തിന്റെ പുനർനിർമാണത്തിനുള്ള വായ്പ നിശ്ചയിക്കുന്നത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ചീഫ് സെക്രട്ടറി ടോം ജോസ് റിപ്പോർട്ടിൽ ഭേദഗതികൾ നിർദേശിച്ചിട്ടുണ്ട്. ഇതുകൂടി ഉൾപ്പെടുത്തി ഒന്നിന് അന്തിമ റിപ്പോർട്ട് നൽകും. കേന്ദ്രസർക്കാരിന്റെ സാമ്പത്തികകാര്യ വകുപ്പിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷമേ വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകൂ.

തകർന്ന വീടുകൾ പുനർനിർമിക്കാൻ മാത്രം 2,534 കോടി വേണം. 10 ജില്ലകളിലായി 22,132 വീടുകൾ പൂർണമായും 1.07 ലക്ഷം വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ദുരന്തമേഖലകൾ കണക്കാക്കി നഗരാസൂത്രണം നടത്തണമെന്നും നിർദേശമുണ്ട്. റോഡുകൾ തകർന്നതുമായി ബന്ധപ്പെട്ട് 8,554 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതിൽ, സംസ്ഥാനപാതകൾ പൂർവസ്ഥിതിയിലെത്തിക്കാൻ മാത്രം 7,647 കോടി രൂപ വേണ്ടിവരും.

ജീവനോപാധി പുനഃസ്ഥാപിക്കുന്നതിനു മാത്രം 3,801 കോടി രൂപ വേണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമൂഹിക ആഘാതവുമായി ബന്ധപ്പെട്ട നടപടികൾക്ക് 11.3 കോടി രൂപ ആവശ്യമാണ്. ലോകബാങ്ക്, എഡിബി ഉദ്യോഗസ്ഥരായ 28 പേരാണു കഴിഞ്ഞ 10 മുതൽ പ്രളയബാധിത മേഖലകളിൽ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കിയത്. മൂന്നു സംഘങ്ങളായി 10 ജില്ലകളിലെ 99 വില്ലേജുകളിലായിരുന്നു പരിശോധന.

കണക്ക് ഇങ്ങനെ (തുക കോടിയിൽ)

ആകെ വേണ്ടിവരുന്ന തുക– 25,050

∙ പാർപ്പിടം– 2,534

∙ പൊതുസ്ഥാപനങ്ങൾ– 191

∙ നഗരകേന്ദ്രീകൃത അടിസ്ഥാനസൗകര്യം– 2,093

∙ ഗ്രാമകേന്ദ്രീകൃത അടിസ്ഥാനസൗകര്യം– 5,216

∙ ജലസേചനവും ജലസ്രോതസ്സുകൾ– 1,484

∙ വൈദ്യുതി– 353

∙ ഗതാഗതം– 8,554 (സംസ്ഥാന പാതകൾ–7,647, ദേശീയപാതകൾ– 910)

∙ ആരോഗ്യം– 280

∙ കൃഷി– 2,093

∙ വളർത്തുമൃഗങ്ങൾ– 154

∙ ഫിഷറീസ്– 225

∙ വ്യവസായം– 641

∙ കൈത്തറി– 98

∙ടൂറിസം– 676

∙ പരിസ്ഥിതി– 452

∙ സാംസ്‌കാരിക പൈതൃകം– 86

related stories