Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടകീയം മൂന്നാംദിനം; റിമാൻഡ് റിപ്പോർട്ടിൽ നിയമോപദേശം തേടിയശേഷം അറസ്റ്റ്

Bishop Franco Mulakkal

കൊച്ചി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് മണിക്കൂറുകൾ നീണ്ട അഭ്യൂഹങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും ശേഷം. അറസ്റ്റ് ഉറപ്പിച്ചതു രാത്രി ഏഴരയോടെ മാത്രം. 

അറസ്റ്റ് രേഖപ്പെടുത്തിയതായി ഉച്ചയോടെ അഭ്യൂഹങ്ങളുയർന്നു. അറസ്റ്റ് ചെയ്തതായി ഒരു ചാനൽ ഫ്ലാഷ് ന്യൂസ് നൽകി. പക്ഷേ, മണിക്കൂറുകൾ കഴിഞ്ഞിട്ടും ബിഷപ്പിനെ പുറത്തെത്തിച്ചില്ല.

ഉച്ചയോടെ റിമാൻഡ് റിപ്പോർട്ട് തയാറാക്കുകയും അറസ്റ്റിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കുകയും ചെയ്തുവെങ്കിലും അറസ്റ്റ് പിന്നെയും നീണ്ടു. വൈദ്യപരിശോധന ഏത് ആശുപത്രിയിൽ നടത്തണമെന്ന് അന്വേഷണ സംഘം അഭിപ്രായം തേടി.

ഇതിനിടെ, റിമാൻഡ് റിപ്പോർട്ട് പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലിന് (ഡിജിപി) അയച്ചുകൊടുത്ത് അഭിപ്രായം തേടി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഇതാണ് അറസ്റ്റ് വൈകിപ്പിച്ചതെന്നും സൂചനകളുണ്ടായി. അഞ്ചരയോടെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കായി എത്തിക്കുമെന്നായി സൂചനകൾ. നാട്ടുകാരെ ഗേറ്റിനു സമീപത്തുനിന്നു പൊലീസ് മാറ്റി. വൈദ്യപരിശോധനയ്ക്കു ഡോ. ഉമ്മൻ തോമസിനെ തയാറാക്കി നിർത്തുകയും ഇൻസ്പെക്ടർ ഉത്തംദാസിന്റെ നേതൃത്വത്തിൽ പൊലീസ് കാവലേർപ്പെടുത്തുകയും ചെയ്തു. ഇതോടെ ചാനലുകൾ വീണ്ടും അറസ്റ്റിന്റെ ഫ്ലാഷ് നൽകിത്തുടങ്ങി. അപ്പോഴും പൊലീസ് അറസ്റ്റ് സ്ഥിരീകരിക്കാൻ തയാറായില്ല.

വൈകിട്ട് ആറരയോടെ ഐജി വിജയ് സാഖറെയുമായി ചർച്ച നടത്താനായി കൊച്ചിയിലെ ഐജി ഓഫിസിലേക്കു പോകാൻ ഇറങ്ങിയ എസ്പി ഹരിശങ്കർ, അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നു മാധ്യമപ്രവർത്തകരെ അറിയിച്ചു. ഐജിയെ സന്ദർശിച്ചു പുറത്തിറങ്ങിയ എസ്പി, രാത്രിതന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നു വ്യക്തമാക്കിയതോടെയാണ് അഭ്യൂഹങ്ങൾക്കു വിരാമമായത്. രേഖകൾ ശരിയാക്കാനും നിയമ ഉപദേശം തേടാനും സമയം വേണ്ടിവന്നതാണ് അറസ്റ്റ് വൈകിച്ചതെന്ന് എസ്പി വിശദീകരിച്ചു. രാത്രി 8ന് ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. 9നു െവെദ്യപരിശോധനയ്ക്കു കൊണ്ടുപോയി.

വന്നപ്പോഴേ ചോദിച്ചു, ‘എപ്പോഴാ പോകുക’

ഇന്നലെ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ചോദ്യംചെയ്യലിനു ഹാജരായത് അറസ്റ്റ് ഉറപ്പിച്ചുതന്നെ. ‘‘നമ്മൾ എപ്പോഴാ പോകുക’’– 10.30നു ചോദ്യംചെയ്യൽ മുറിയിൽ എത്തിയപ്പോൾ ചോദിച്ചതിങ്ങനെ. 

വ്യാഴാഴ്ച മടങ്ങുമ്പോൾ തന്നെ അറസ്റ്റ് സംബന്ധിച്ചു സൂചന ലഭിച്ചതനുസരിച്ചു ബന്ധുക്കളോടും ജലന്തറിലെ അഭിഭാഷകരോടും വിവരം പറഞ്ഞു. ഇന്നലെ ചോദ്യംചെയ്യൽ പുരോഗമിക്കവേ അദ്ദേഹം സ്ഥാനവസ്ത്രങ്ങൾ മാറ്റി ജുബ്ബയും പാന്റ്സും ധരിച്ചു. മാലയും മോതിരവും ഊരിമാറ്റി. 

നേരത്തേ പറഞ്ഞിരുന്നുവെന്ന് 3 കന്യാസ്ത്രീകൾ

കോട്ടയം ∙ പരാതിക്കാരിയായ കന്യാസ്ത്രീ പീഡനം സംബന്ധിച്ചു 2016 ഡിസംബറിൽ തങ്ങളോടു പറഞ്ഞതായി മറ്റു മൂന്നു കന്യാസ്ത്രീകൾ പൊലീസിനു മൊഴി നൽകിയിരുന്നു. 2016 ജനുവരിയിൽ ബിഷപ് വരുന്നുവെന്ന് അറിഞ്ഞതോടെ പരാതിക്കാരിയായ കന്യാസ്ത്രീ മിഷൻ ഹോമിൽനിന്നു പോകാൻ വാഹനം ഏർപ്പാടാക്കിയ കാര്യവും ഇവർ പൊലീസിനോടു പറ​ഞ്ഞു. കന്യാസ്ത്രീ എതിർപ്പു പറഞ്ഞതിനാൽ ജനുവരിയിൽ മിഷൻ ഹോമിലേക്കുള്ള സന്ദർശനം ബിഷപ് വേണ്ടെന്നുവച്ചതായും പൊലീസ് പറയുന്നു. 

ശിക്ഷിക്കുംവരെ പോരാട്ടം: ഫാ. അഗസ്റ്റിൻ

കൊച്ചി ∙ പീഡനക്കേസിൽ സർക്കാരിന്റെ നടപടികളിൽ വിശ്വാസമില്ലെന്നു സമരസമിതി കൺവീനറായ ഫാ. അഗസ്റ്റിൻ വട്ടോളി. 100 കിലോമീറ്റർ യാത്രയിൽ ഒരു കിലോമീറ്ററേ പിന്നിട്ടിട്ടുള്ളൂ. ശിക്ഷിക്കുംവരെ പോരാട്ടം തുടരും. സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ സഭയിൽനിന്നു പുറത്താക്കുമോ എന്ന പേടിയുണ്ട്. അവരെ സംരക്ഷിക്കുന്നതുൾപ്പെടെയുള്ള ബാധ്യതകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

related stories