Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയാനന്തര കേരളം: യുഎൻ റിപ്പോർട്ട് 10നു സർക്കാരിനു നൽകും

തിരുവനന്തപുരം∙ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ ആവശ്യങ്ങളെക്കുറിച്ചു പഠിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള 11 ഏജൻസികൾ സംസ്ഥാനത്ത്. രാജ്യാന്തര സാമ്പത്തിക സഹായങ്ങൾക്ക് ഉൾപ്പെടെ നിർണായകരേഖയാകുന്ന പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് (പിഡിഎൻഎ) റിപ്പോർട്ട് 10നു സർക്കാരിനു സമർപ്പിക്കും. യുഎൻ ഏജൻസികളിൽ നിന്നുള്ള 70 പേരെ സഹായിക്കാൻ സർക്കാർ വകുപ്പുകളിൽ നിന്ന് 50 പേരെ നിയോഗിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്ര സംഘടനയാണു പഠനത്തിനു നേതൃത്വം നൽകുന്നത്. യുനിസെഫ്, യുനെസ്കോ, ലോകാരോഗ്യസംഘടന, ഐഎൽഒ, എഫ്എഒ, ഡബ്ല്യുഎഫ്പി, യുഎൻഎഫ്പിഎ, യുഎൻഡിപി, യുഎൻഇപി, യുഎൻ വിമൻ, യുഎൻ ഹാബിറ്റാറ്റ് സംഘടനകളിലെ ഉദ്യോഗസ്ഥരാണ് ഇപ്പോ‍ൾ പ്രളയബാധിത മേഖലകളിൽ പഠനം നടത്തുന്നത്. ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ പഠനത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിട്ടു പരിശോധനയ്ക്കെത്തും.

യുഎൻ ജനീവ ഓഫിസിൽ നിന്നു വിഡിയോ കോൺഫറൻസ് വഴി പഠനപുരോഗതി ദിവസേന വിലയിരുത്തുന്നുണ്ട്. ഓരോ ഏജൻസിയും അവരവരുടെ മേഖലകളിലെ പുനർനിർമാണ സാധ്യതകളെക്കുറിച്ചാണു പഠനം നടത്തുന്നത്. വിവിധ വകുപ്പുകളിൽ നിന്ന് അടിസ്ഥാന വിവരങ്ങൾ കൂടി ശേഖരിച്ചാണു പഠനം. ഫിഷറീസ് ഡയറക്ടർ എസ്.വെങ്കിടേസപതിയാണു സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കുന്നത്.

ദുരന്തത്തിനുശേഷമുള്ള പുനർനിർമാണത്തിനു ലോകത്തിലെ മികച്ച മാതൃകകൾ കേരളത്തിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനാവും പഠനത്തിലെ ഊന്നൽ. ലോകബാങ്കും ഏഷ്യൻ ഡവലപ്മെന്റ് ബാങ്കും നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് കൂടി കണക്കിലെടുത്താകും യുഎൻ അന്തിമറിപ്പോർട്ട് തയാറാക്കുക.

related stories