Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: കേരളത്തിനു പരമാവധി‌ സഹായം നൽകുമെന്നു കേന്ദ്രസംഘം

തിരുവനന്തപുരം∙ പ്രളയത്തിലെ നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്രസംഘം പരിശോധന തുടങ്ങി. കേരളത്തിനു പരമാവധി സഹായം നൽകുമെന്നു  സംഘാംഗങ്ങൾ അറിയിച്ചു. നാലു സംഘങ്ങളായി തിരിഞ്ഞാണു പ്രളയബാധിത ജില്ലകളിലെ സന്ദർശനം.

വ്യാഴാഴ്ച വൈകിട്ടു കൊച്ചിയിലെത്തിയ സംഘത്തെ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രളയത്തിനു ശേഷമുള്ള സ്ഥിതിഗതികൾ ധരിപ്പിച്ചു. രക്ഷാപ്രവർത്തനം, ദുരിതാശ്വാസ സഹായവിതരണം, പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോർട്ടും കേന്ദ്രസംഘത്തിനു കൈമാറി.

ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണു കേന്ദ്രസംഘം പരിശോധന നടത്തുന്നത്. നാളെ പരിശോധന പൂർത്തിയാക്കും. 24നു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.

ലോകബാങ്ക് – എഡിബി: റിപ്പോർട്ട് ഇന്ന്

ലോകബാങ്ക്, ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി) എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പ്രളയനാശനഷ്ടക്കണക്കു വിലയിരുത്താനുള്ള പഠനറിപ്പോർട്ട് ഇന്നു സർക്കാരിനു സമർപ്പിക്കും. മന്ത്രി ഇ.പി.ജയരാജന്റെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതലയോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും. 10 ജില്ലകളിലാണു സംഘം പരിശോധന നടത്തിയത്. കലക്ടർമാർ സംഘത്തിനു നൽകിയ പ്രാഥമികകണക്ക് അനുസരിച്ചു 20,000 കോടിക്കു മുകളിലാണു നഷ്ടം. രാജ്യാന്തര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അന്തിമനഷ്ടം കണക്കാക്കുക. രണ്ട് ഏജൻസികളിൽ നിന്നുമായി 7000 കോടി രൂപയുടെ വായ്പയാണു സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. 

related stories