Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ് ഫ്രാങ്കോ പൊലീസ് കസ്റ്റഡിയിൽ; ഇന്ന് തെളിവെടുപ്പ്, തെളിവു നശിപ്പിക്കാൻ പ്രതി ശ്രമിക്കുന്നുവെന്നും പൊലീസ്

Bishop-Franco കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയിൽ ഹാജരാക്കാനായി പുറത്തേക്കു കൊണ്ടു വന്നപ്പോൾ. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

കോട്ടയം∙ പീഡനക്കേസിൽ അറസ്റ്റിലായ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ നാളെ ഉച്ചവരെ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ ചോദ്യം ചെയ്യൽ പുനരാരംഭിച്ച അന്വേഷണ സംഘം, പീഡനം നടന്ന നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിൽ ഇന്നു ബിഷപ്പിനെ എത്തിച്ചു തെളിവെടുപ്പു നടത്തും. പരാതിക്കാരിയായ കന്യാസ്ത്രീയെ മാറ്റിയ ശേഷമായിരിക്കും തെളിവെടുപ്പ്. പീഡനം നടന്ന 2014–16 കാലയളവിൽ ബിഷപ് ഉപയോഗിച്ച മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, ലാപ്ടോപ് എന്നിവ വീണ്ടെടുക്കാനാണു പൊലീസിന്റെ ശ്രമം. തൊടുപുഴ മുതലക്കോടത്തും തെളിവെടുപ്പു നടത്തിയേക്കും.

കോട്ടയം പൊലീസ് ക്ലബ്ബിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ഡിവൈഎസ്പി കെ. സുഭാഷ് എന്നിവരാണു ചോദ്യം ചെയ്യുന്നത്. 

നെഞ്ചുവേദനയെ തുടർന്നു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ബിഷപ്പിന്റെ ആരോഗ്യനില തൃപ്തികരമായതോടെ ഇന്നലെ രാവിലെ ആശുപത്രി വിട്ടു. ഉച്ചയ്ക്ക് പാലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഒന്നാം കോടതിയിൽ ഹാജരാക്കി.

കന്യാസ്ത്രീയെ ബിഷപ് പീഡിപ്പിച്ചുവെന്നും പദവി ഉപയോഗിച്ചു തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ആരോപിച്ചു. ബലം പ്രയോഗിച്ച് രക്തസാംപിൾ എടുക്കാൻ പൊലീസിനെ അനുവദിക്കരുതെന്ന ബിഷപ്പിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വൈകിട്ട് മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗത്തിൽ ലൈംഗികശേഷി പരിശോധിക്കുകയും ഡിഎൻഎ സാംപിൾ ശേഖരിക്കുകയും ചെയ്തു.

related stories