Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവഭേദങ്ങളിൽ ആടിയുലഞ്ഞ് സമരപ്പന്തൽ

Nuns ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംക്‌ഷനിൽ സമരം നടത്തിയ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ അനുപമ സമരത്തിനു സഹായം നൽകിയവർക്കു നന്ദി പറയവേ വിതുമ്പുന്നു. ചിത്രം: മനോരമ

കൊച്ചി ∙ ഏതാനും വാരകൾക്കപ്പുറത്ത് കൊച്ചിക്കായലിലെ ഏറ്റമിറക്കങ്ങൾക്കു സമാനമായിരുന്നു ഇന്നലെ സമരപ്പന്തലിലെ ഭാവഭേദങ്ങൾ. ചിലപ്പോൾ അതു തീവ്രമായി. പിന്തുണയേകാൻ എത്തിയവരുടെ പാട്ടുകളും പ്രസംഗങ്ങളും ആവേശത്തിന്റെ തിരതള്ളലുണ്ടാക്കി. മറ്റു ചിലപ്പോൾ നിർവികാരവും.

വൈകിട്ട് ആറുമണിയോടെ കന്യാസ്ത്രീകൾ സമരപ്പന്തലിൽ ഉണ്ടായിരുന്നവർക്കു നന്ദി അർപ്പിച്ചു മഠത്തിലേക്കു മടങ്ങിപ്പോയിരുന്നു. സഹനത്തിന്റെ പാതയിൽ സമരം ചെയ്തു വിജയിച്ച കന്യാസ്ത്രീകൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചും കേരളം നിങ്ങളോടൊപ്പമെന്നു പ്രഖ്യാപിച്ചും പന്തലിൽ അഭിവാദ്യങ്ങൾ മുഴങ്ങി. പി.ഗീതയുടെ നിരാഹാരം അ‍ഞ്ചാം ദിവസവും തുടർന്നു. അഞ്ചു സ്ത്രീകളും ഇന്നലെ ഉപവാസം ആരംഭിച്ചു. കന്യാസ്ത്രീകൾ മടങ്ങിയശേഷവും അറസ്റ്റിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചില്ല. എന്തോ തടസ്സമുണ്ട് എന്നു തോന്നിപ്പിക്കുന്ന വാർത്തകളും വന്നു. ഇതോടെ സമരസമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി നിലപാടു പ്രഖ്യാപിച്ചു ‘ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുംവരെ സമരം തുടരും’.

വികാരങ്ങളുടെ വേലിയേറ്റം

ബിഷപ് ഫ്രാങ്കോ അറസ്റ്റിലായെന്ന വാർത്ത ഉച്ചയ്ക്കു കുറച്ചു സമയത്തേക്കെങ്കിലും സമരപ്പന്തലിനെ ആഹ്ലാദത്തിലാക്കി. മുദ്രാവാക്യം വിളിച്ചും ആരതിയുഴിഞ്ഞും സമരത്തിനെത്തിയവരുടെ ആവേശം കൊഴുത്തെങ്കിലും അറസ്റ്റ് സ്ഥിരീകരിച്ചില്ലെന്ന വിവരം വൈകാതെയെത്തി. സമരപ്പന്തൽ നിരാശയിലായി. മിന്നുന്ന ക്യാമറ ഫ്ലാഷുകൾക്കും നീണ്ടുവരുന്ന ചാനൽ മൈക്കുകൾക്കും മുന്നിൽ സങ്കടം മറച്ചുപിടിക്കാൻ കന്യാസ്ത്രീകൾ പാടുപെടുന്നുണ്ടായിരുന്നു. ഇടയ്ക്കു സമരം തീരാൻ പോവുകയാണെന്ന ധാരണയിൽ സമരത്തെ സഹായിച്ചവർക്കു സിസ്റ്റർ അനുപമ കണ്ണീരോടെ നന്ദി പറഞ്ഞു. ഹൈക്കോടതി ജംക്‌ഷനിലെ സമരം 14–ാം ദിവസത്തിൽ എത്തിയതോടെ പിന്തുണയേറിയിരുന്നു. കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ലതിക സുഭാഷ് തുടങ്ങിയവർ എത്തി. 

പ്രഖ്യാപനം കാത്ത്

തൃപ്പൂണിത്തുറയിൽ ചോദ്യം ചെയ്യുന്നതിനിടെ ബിഷപ് ഫ്രാങ്കോയെ മറ്റൊരു മുറിയിലേക്കു മാറ്റിയെന്നതാണ് അറസ്റ്റ് ഉണ്ടായെന്ന മട്ടിൽ പ്രചരിപ്പിക്കപ്പെട്ടത്. സ്ഥിരീകരിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ നിരാശയായെങ്കിലും അറസ്റ്റ് ഏതാണ്ട് ഉറപ്പിച്ച മട്ടിലായിരുന്നു സമരപ്പന്തൽ. അറസ്റ്റ് പ്രഖ്യാപനത്തിന്റെ കാത്തിരിപ്പായിരുന്നു പിന്നീട്. അറസ്റ്റുണ്ടായി എന്ന മട്ടിലെത്തിയ ഓരോ വാർത്തയും പന്തലിൽ ആഹ്ളാദമുയർത്തി, വാർത്ത ശരിയല്ലെന്ന് അറിയുമ്പോൾ അതു നിരാശയ്ക്കു വഴിമാറി

പാട്ടും വരയും

ചിത്രം വരച്ചും പാടിയും പ്രസംഗിച്ചും രാവിലെമുതൽ സമരപ്പന്തൽ സജീവമായിരുന്നു. ചിത്രകാരി ജലജ ചിത്രങ്ങൾ വരച്ചു നൽകി. ആദ്യദിനം മുതൽ നിരാഹാരം കിടന്ന് ആരോഗ്യനില മോശമായതിനെ തുടർന്നു പൊലീസ് നീക്കംചെയ്ത സ്റ്റീഫൻ മാത്യു പന്തലിൽ എത്തിയതും ഊർജം പകർന്നു.

നിരാഹാര സമരം നിർത്തി

കൊച്ചി ∙ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായെന്ന വാർത്ത സ്ഥിരീകരിച്ചതോടെ  ഹൈക്കോടതി ജംക്‌ഷനിലെ നിരാഹാര സമരം അവസാനിപ്പിക്കുന്നതായി രാത്രി 9.45ന്  സമര സമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി പ്രഖ്യാപിച്ചു. ഇതേവരെ മുൻനിരയിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ സമരം ഔദ്യോഗികമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

related stories