Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം ചുറ്റി യാത്രക്കിടെ പായ് മരം ഒടിഞ്ഞു; അഭിലാഷ് ടോമിക്ക് പരുക്ക്

SAILING-FRA-GOLDEN-GLOBE-2018 ‘തുരീയ’ പായ്‌വഞ്ചിയിൽ അഭിലാഷ് ടോമി ഗോൾഡൻ ഗോബ് പ്രയാണത്തിനിടെ (ഫയൽ ചിത്രം)

പാരിസ്/ കൊച്ചി∙ ആധുനിക വാർത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാതെ, പായ്‌വഞ്ചിയിൽ അതിവേഗം ലോകം ചുറ്റാനുള്ള മൽസരത്തിൽ പങ്കെടുക്കുന്ന മലയാളി സമുദ്രസഞ്ചാരി കമാൻഡർ അഭിലാഷ് ടോമിക്ക് അപകടത്തിൽ പരുക്ക്. ജൂലൈ ഒന്നിന് ഫ്രാൻസിലെ ‘ലെ സാബ്‌ലെ ദെലോൻ’ തുറമുഖത്തുനിന്ന് ആരംഭിച്ച മൽസരത്തിന്റെ 83–ാം ദിവസം, ഇന്ത്യൻ മഹാസമുദ്രത്തിൽ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്‌വഞ്ചി ‘തുരീയ’ തകർന്നാണ് അപകടം. ഇതിനകം 19,446 കിലോമീറ്റർ താണ്ടിയ അഭിലാഷ് ടോമി മൽസരത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു. 

110 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കാറ്റിൽ 10 മീറ്ററോളം ഉയർന്ന തിരമാലകൾക്കിടയിൽപെട്ട് വഞ്ചിയുടെ 3 പായ്മരങ്ങളിലൊന്ന് തകർന്നു. 

നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടിനകത്തു വീണ് നടുവിനു പരുക്കേറ്റ അഭിലാഷ്, സഹായം അഭ്യർഥിച്ച് അപായസന്ദേശം നൽകി. നടുവിന്റെ പരുക്കുമൂലം അനങ്ങാൻ സാധിക്കുന്നില്ലെന്നും സ്ട്രെച്ചർ വേണമെന്നുമാണ് സന്ദേശം. ഓസ്ട്രേലിയൻ തീരമായ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെയാണ് വഞ്ചി ഇപ്പോഴുള്ളത്. ഇന്ത്യൻ തീരമായ കന്യാകുമാരിയിൽനിന്ന് 5020 കിലോമീറ്റർ അകലെയാണിത്. രക്ഷാപ്രവർത്തകർക്ക് ഇന്ന് പകൽ അഭിലാഷിന്റെ അടുത്തെത്താൻ കഴിയുമെന്നാണു നിഗമനം. 

നാവികസേനാ കപ്പൽ ഐഎൻഎസ് സത്പുരയും ഐഎൻഎസ് ജ്യോതി എന്ന ടാങ്കർ യാനവും ഒരു ദീർഘദൂര നിരീക്ഷണ വിമാനവും രക്ഷാപ്രവർത്തനത്തിനു പുറപ്പെട്ടു. സമീപ മേഖലയിലുള്ള മറ്റു കപ്പലുകളോടും രക്ഷാശ്രമത്തിനു നിർദേശിച്ചു. അയർലൻഡ് നാവികൻ ഗ്രിഗർ മക്ഗുകിന്റെ വഞ്ചിയുടെയും പായ്മരം തകർന്നു. എന്നാൽ, ഡീസൽ എൻജിൻ പ്രവർത്തിപ്പിച്ച് അഭിലാഷിന്റെ അടുക്കലെത്താനുള്ള ശ്രമത്തിലാണ് ഗ്രിഗർ.  

SAILING-FRA-IND-GOLDEN-GLOBE-2018 അഭിലാഷ് ടോമി

അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ നൽകിയിരുന്ന സാറ്റ്‌ലൈറ്റ് ഫോൺ ഉൾപ്പെടുന്ന കിറ്റ് വഞ്ചിയിലുണ്ടെങ്കിലും ഇതെടുക്കാൻ അഭിലാഷിന് ഇതുവരെ സാധിച്ചിട്ടില്ല.