Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാവലിനിടെ’ കക്കാൻപോയി; കയ്യോടെ പിടിയിലുമായി

jail

കായംകുളം ∙ കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവൽ നിന്ന പതിനേഴുകാരൻ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈൽ ഫോണും മകളുടെ സ്വർണമാലയും കവർന്നു. മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലുമായി. വ്യാഴാഴ്ച പുലർച്ചെ കൃഷ്ണപുരത്തിനടുത്താണു സംഭവം. പുലർച്ചെ രണ്ടു മണിയോടെ ദേഹത്ത് എന്തോ ദ്രാവകം വീണപ്പോഴാണ് ഉണർന്നതെന്നും ‌ജനാലയ്ക്കടുത്തു മുഖം മറച്ച് ആരോ നിൽക്കുന്നതു കണ്ടെന്നും വീട്ടമ്മ പൊലീസിനെ അറിയിച്ചിരുന്നു.

ഒച്ചവയ്ക്കാൻ ശ്രമിച്ചപ്പോൾ, കുട്ടിയുടെ ദേഹത്തു ദ്രാവകം ഒഴിച്ചിട്ടുണ്ടെന്നും കത്തിക്കുമെന്നും ജനാലയ്ക്കടുത്തു നിന്നയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി. പുറത്തു വന്നാൽ ഫോൺ തിരികെ തരാമെന്നും പറഞ്ഞു. ഇടയ്ക്കു തിരിച്ചെത്തിയ സുഹൃത്ത് വിളിച്ചിട്ടും പ്രതി കൂടെപ്പോയില്ല. കൂട്ടുകാരൻ തിരികെ പോകുകയും ചെയ്തു. ഫോൺ തന്നാൽ പുറത്തേക്കു വരാമെന്നു തന്ത്രപൂർവം പറഞ്ഞു വീട്ടമ്മ ഫോൺ തിരികെ വാങ്ങി. ഫോൺ കിട്ടിയതോടെ വീട്ടമ്മ ബഹളം വച്ചപ്പോൾ മോഷ്ടാവ് ഓടിപ്പോയി.

ഫോൺ കിട്ടിയ ഉടൻ പ്രതി അതിൽനിന്നു സ്വന്തം ഫോണിലേക്കു ഡയൽ ചെയ്തു നമ്പർ മനസ്സിലാക്കിയിരുന്നു. തുടർന്നു വീട്ടമ്മയുടെ ഫോണിൽനിന്നു തന്റെ നമ്പർ മായ്ച്ചു. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇതു കണ്ടെത്തിയതോടെയാണു പ്രതി കുടുങ്ങിയത്. പ്രതിയുടെ ഫോൺ നമ്പർ കിട്ടിയതോടെ ഒരു സുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച്, ബാർബർ ഷോപ്പിലിരിക്കെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച രണ്ടു പവൻ മാല വിറ്റു കിട്ടിയ 21,000 രൂപയിൽ 3,000 രൂപ ചെലവാക്കി, ബാക്കി രണ്ടു കൂട്ടുകാരെ ഏൽപ്പിച്ചു.

പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. ബുധനാഴ്ച ദുബായിലേക്കു പോകേണ്ട വീട്ടമ്മ വിമാനം കിട്ടാത്തതിനാൽ തിരികെ വീട്ടിൽ എത്തിയതായിരുന്നു. ഇന്നലെ പ്രതിയെ പിടികൂടിയപ്പോഴേക്ക് അവർ വീണ്ടും വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പ്രതിയെ പിടിച്ച എസ്ഐ രാജൻബാബു വിവരം ഫോണിൽ അറിയിച്ചപ്പോൾ നന്ദി പറഞ്ഞു മറുപടി അയയ്ക്കുകയും ചെയ്തു.

related stories