Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയമേഖലയിൽ ശുചീകരണം നടത്തിയ യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു

Vinu വിനു.

അഞ്ചാലുംമൂട് (കൊല്ലം) ∙ പ്രളയബാധിത പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു. ഡിവൈഎഫ്ഐ മുരുന്തൽ യൂണിറ്റ് ജോ. സെക്രട്ടറിയും തൃക്കടവൂർ മുരുന്തൽ വൈക്കത്ത് രവി പിള്ളയുടെ മകനുമായ വിനു (28)വാണ് മരിച്ചത്. നിർമാണത്തൊഴിലാളിയായ വിനു കൺസ്ട്രക്‌ഷൻ കമ്പനിയിലെ മറ്റു തൊഴിലാളികൾക്കൊപ്പം ഓഗസ്റ്റ് 24ന് ആണു പത്തനംതിട്ട റാന്നിയിലെ വീടുകളിലെ ശുചീകരണത്തിൽ പങ്കെടുത്തത്. 

ഈ സമയം കാലിൽ മുറിവുണ്ടായിരുന്നു. മടങ്ങിയെത്തിയതിനു പിന്നാലെ പനി ബാധിച്ച് വിനുവിനെ കഴിഞ്ഞ രണ്ടിനു കൊല്ലത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ എലിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം രാത്രി മരിച്ചു. സംസ്കാരം നടത്തി. 

അമ്മ: ഭാനുമതിയമ്മ. സഹോദരി: രമ്യ.

ആകെയുണ്ടായിരുന്ന വീടും പറമ്പും പണയംവച്ചാണു കുടുംബം വിനുവിനു ചികിത്സ ലഭ്യമാക്കിയത്. നാട്ടുകാരിൽ ചിലരും തുക സമാഹരിച്ചു നൽകിയിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമാണു വിനുവിന്റെ മരണത്തോടെ ഇല്ലാതായത്.