Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: കിട്ടുമോ പാക്കേജ്? മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

Pinarayi-modi

തിരുവനന്തപുരം∙ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് 25,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം പാക്കേജിൽ ഉൾപ്പെടുത്തേണ്ട പദ്ധതികൾക്ക് അന്തിമരൂപം നൽകും.

മുഖ്യമന്ത്രി യുഎസിലേക്കു പോയതോടെ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല. സമയം വൈകുന്നത് സഹായം കുറയാൻ ഇടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് അതിവേഗം പാക്കേജ് തയാറാക്കാനും പ്രധാനമന്ത്രിക്കു നേരിട്ടു നൽകാനും തീരുമാനിച്ചത്.

നാശനഷ്ടം സംബന്ധിച്ച് ലോകബാങ്കും ഏഷ്യൻ ഡവലപ്മെന്റ് ബാങ്കും ചേർന്നു നടത്തിയ കണക്കെടുപ്പ് അടിസ്ഥാനമാക്കിയാണ് പുനർനിർമാണ പാക്കേജ് തയാറാക്കുന്നത്. 25,000 കോടിയുടെ നഷ്ടമാണ് അവർ കണക്കാക്കിയത്. രാജ്യാന്തര ഏജൻസികളുടെ പഠനം എന്ന നിലയ്ക്ക് കേന്ദ്രസർക്കാർ ഇതു ഗൗരവത്തോടെ പരിഗണിക്കുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നു.

പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസവും പാക്കേജിൽ ഉൾപ്പെടുത്തും. പ്രളയശേഷമുള്ള ദുരിതാശ്വാസ സഹായമായി 4796 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. പ്രത്യേക പാക്കേജ് അപേക്ഷ ഇതിനു പുറമെയാണ്. രണ്ട് അപേക്ഷകളിലും ചോദിക്കുന്ന മുഴുവൻ തുകയും ലഭിക്കുമെന്നു സർക്കാർ കരുതുന്നില്ല. എന്നാൽ, പ്രളയമുണ്ടായ മറ്റു സംസ്ഥാനങ്ങൾക്കു നേരത്തേ കേന്ദ്രം അനുവദിച്ച പ്രത്യേക ധനസഹായത്തിലാണ് പ്രതീക്ഷ.

അവലോകനം ഇന്ന്; കേന്ദ്രസംഘത്തെ കാണും

പ്രളയത്തിനുശേഷമുള്ള സ്ഥിതിഗതികൾ ഇന്നു രാവിലെ 11.30നു മുഖ്യമന്ത്രി അവലോകനം ചെയ്യും. നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഉച്ചയ്ക്കു മൂന്നിനു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മാധ്യമങ്ങളെയും അദ്ദേഹം ഇന്നു കാണുന്നുണ്ട്.

യുഎസിൽനിന്നു തിരിച്ചെത്തിയ മുഖ്യമന്ത്രി ഇന്നലെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ അടക്കം ഓഫിസിലെ പ്രധാന ചുമതലക്കാരുമായി ഒരു മണിക്കൂറോളം നീണ്ട യോഗത്തിൽ പങ്കെടുത്തു. തന്റെ അസാന്നിധ്യത്തിൽ ഉണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങൾ തേടി. മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, സിപിഎം നേതാവ് എം.വി. ഗോവിന്ദൻ, നവകേരള മിഷൻ കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ് എന്നിവർ തുടർന്നു മുഖ്യമന്ത്രിയെ പ്രത്യേകമായി കണ്ടു.

പിബി യോഗത്തിനുശേഷം 26നു രാത്രി മുഖ്യമന്ത്രി തിരിച്ചെത്തും. പിറ്റേന്നു മന്ത്രിസഭാ യോഗം. 28നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റുമുണ്ട്.

related stories