Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില വർധനയ്ക്കെതിരെ എഐഎസ്എഫിന്റെ ‘പഞ്ച്മോദി’ ചലഞ്ചിനിടെ സംഘർഷം; 13 പേർക്കെതിരെ കേസ്

Punch-Modi എഐവൈഎഫ് പ്രവർത്തകർ കോഴിക്കോട് നടത്തിയ 'പഞ്ച് മോദി' പരിപാടി തടയാനെത്തിയ യുവമോർച്ച പ്രവർത്തകരുമായി നടന്ന സംഘർഷത്തിനിടെ പൊലീസ് ഓഫിസറുടെ തൊപ്പി താഴെ വീണപ്പോൾ. ചിത്രം : മനോരമ

കോഴിക്കോട്∙ ഇന്ധനവില വർധനയ്ക്കെതിരെ എഐഎസ്എഫ് നടത്തിയ ‘പഞ്ച്മോദി’ ചലഞ്ചിനിടെ സംഘർഷം; 13 പേർക്കെതിരെ കേസെടുത്തു. പുതിയ സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധപരിപാടി തടയാൻ യുവമോർച്ച പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് എഐഎസ്എഫ്, യുവ മോർച്ച പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി.

ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് മോദിയുടെ രൂപത്തിലുള്ള ബലൂണുമായി പി. കൃഷ്ണപിള്ള മന്ദിരത്തിൽനിന്ന് എഐഎസ്എഫ് പ്രതിഷേധജാഥ സ്റ്റാൻഡിലെത്തിയത്. തുടർന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി.കെ. ബിജിത്ത്‌ലാൽ ചലഞ്ച് ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബി. ദർശിത്ത് അധ്യക്ഷത വഹിച്ചു.

തുടർന്ന് എഐഎസ്എഫ് പ്രവർത്തകർ മോദിയുടെ ചിത്രത്തിൽ ഇടിക്കാൻ തുടങ്ങിയതോടെ യുവമോർച്ച ജില്ലാ പ്രസിഡന്റ് സി. സാലുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ തടയാൻ ശ്രമിച്ചു. ബലൂൺ പിടിച്ചെടുക്കാനുള്ള ശ്രമം എഐഎസ്എഫ് പ്രവർത്തകർ പ്രതിരോധിച്ചതോടെ വാക്കേറ്റവും സംഘർഷവുമായി. തുടർന്ന് പൊലീസ് ഇടപെട്ട് പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.

എട്ട് എഐഎസ്എഫ് പ്രവർത്തകർക്കെതിരെയും അഞ്ച് യുവമോർച്ച പ്രവർത്തകർക്കെതിരെയും ടൗൺ പൊലീസ് കേസെടുത്തു.