Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി തിരിച്ചെത്തി; പ്രസരിപ്പോടെ ജോലിയിൽ

Pinarayi യുഎസിൽ ചികിൽസയ്ക്കു ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിലെ ഓഫിസിലേക്ക്.

തിരുവനന്തപുരം∙ ചികിത്സാർഥം അമേരിക്കയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ഇന്നലെ രാവിലെ 3.20നു വിമാനമാർഗമെത്തിയ അദ്ദേഹം ക്ലിഫ് ഹൗസിലെ വിശ്രമത്തിനു ശേഷം 10.20ന് ഓഫിസിലെത്തി. പ്രസരിപ്പോടെ കൂടിയാലോചനകളിൽ മുഴുകിയ മുഖ്യമന്ത്രി പൂർണ ആരോഗ്യവാനാണെന്ന് അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു. 25, 26 തീയതികളിലെ സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം ഇന്നു വൈകിട്ട് ഡൽഹിക്കു തിരിക്കും. 

ഈ മാസം രണ്ടിനാണു ഭാര്യ കമലയ്ക്കൊപ്പം മുഖ്യമന്ത്രി മേയോ ക്ലിനിക്കിലേക്കു പോയത്. പ്രോസ്റ്റേറ്റ് സംബന്ധമായ പരിശോധനകളും ചികിത്സയും വിജയകരമായിരുന്നു. 

തുടർപരിശോധനകൾ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരിക്കും. 

ന്യൂയോർക്കിൽ മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുത്ത ശേഷം ദുബായ് മാർഗം തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ സന്തത സഹചാരി സുനീഷും ഗൺമാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ഓഫിസിലേക്കു മുഖ്യമന്ത്രി എത്തുന്നുവെന്നറിഞ്ഞു മാധ്യമങ്ങൾ കാത്തുനിന്നുവെങ്കിലും അദ്ദേഹം സംസാരിച്ചില്ല. കൈയുയർത്തി അഭിവാദ്യം ചെയ്തു. ഒരു മണിയോടെ ക്ലിഫ് ഹൗസിലേക്കു പോയി വിശ്രമിച്ചു.

related stories