Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാമ്യത്തിനായി ബിഷപ് മേൽക്കോടതിയിലേക്ക്; നുണപരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ്

Franco-in-Jeep കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിൽ തെളിവെടുപ്പിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബിൽ നിന്നു കൊണ്ടുപോകുന്നു.

കോട്ടയം ∙ പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്നു രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും. 

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള അപേക്ഷയെ ബിഷപ് എതിർത്താൽ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണു പൊലീസിന്റെ ആലോചന. 

ബിഷപ്പിനെ കുറവിലങ്ങാട്ടെ നാടുകുന്നു മഠത്തിലെത്തിച്ചു തെളിവെടുത്തു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം വേഗത്തിലാക്കി. ഫാ. ജയിംസ് ഏർത്തയിലിനെതിരെയാണു കേസുള്ളത്. അന്വേഷണം പുരോഗമിക്കുമ്പോൾ ബിഷപ് ഉൾപ്പെടെ കൂടുതൽ പേരെ പ്രതി ചേർത്തേക്കാം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റർ അമലയ്ക്കെതിരെയും നടപടിയുണ്ടാകും. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ ഉദ്യോഗസ്ഥൻ കെ.സുഭാഷിനു നിർദേശം നൽകി.

ബിഷപ്പിനെ നാടുകുന്ന് മഠത്തിൽ എത്തിച്ചു തെളിവെടുപ്പ്

കുറവിലങ്ങാട്∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പരാതിക്കാരിയായ കന്യാസ്ത്രീ ഉൾപ്പെടെയുള്ളവർ കഴിയുന്ന നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെത്തിച്ചു തെളിവെടുത്തു. വൻ സുരക്ഷാ സംവിധാനത്തോടെ ഇന്നലെ രാവിലെയാണ് മഠത്തിലെത്തിച്ചത്. 

പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന 20–ാം നമ്പർ മുറിയിൽ മാത്രമായിരുന്നു തെളിവെടുപ്പ്. 50 മിനിറ്റ് നീണ്ട തെളിവെടുപ്പിൽ മഠത്തിൽ താമസിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ ബിഷപ് വ്യക്തമായ മറുപടി നൽകിയില്ല. സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെത്തുന്ന അതിഥികൾക്ക് വിശ്രമിക്കാൻ ഒരുക്കിയിരിക്കുന്ന മുറിയാണിത്. ഇന്നലത്തെ തെളിവെടുപ്പിൽ കാര്യമായി ഒന്നും ലഭിച്ചിട്ടില്ല.

രാവിലെ എട്ടരയോടെ എത്തുമെന്നായിരുന്നു പൊലീസ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ  മഠത്തിലെ ചാപ്പലിൽ പ്രാർഥന നടത്തണമെന്നു കന്യാസ്ത്രീകൾ അറിയിച്ചതിനാലാണ് സമയം 10നു ശേഷമാക്കി മാറ്റിയത്. വൈക്കം ഡിവൈഎസ്പി കെ.സുഭാഷ്, കടുത്തുരുത്തി സിഐ കെ.എസ്.ജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തുടർന്നു ബിഷപ്പിനെ വീണ്ടും കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു.

related stories