Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ചടക്കമില്ലായ്മ വച്ചുപൊറുപ്പിക്കില്ല, വേണ്ടത് കഠിനാധ്വാനം: രാഹുൽ

congress-leaders കെപിസിസി പുനസംഘടനയ്ക്കു ശേഷം ഡൽഹിയിലെത്തിയ വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ, തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷൻ കെ.മുരളീധരൻ, പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ എന്നിവർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനുമൊപ്പം.

ന്യൂഡൽഹി ∙ സ്വന്തം പ്രതിച്ഛായ മാത്രം ലക്ഷ്യമിട്ട് പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്കെതിരെ രംഗത്തുവരാൻ ആരെയും അനുവദിക്കില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ പുതിയ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, അച്ചടക്കമില്ലായ്മ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ചചെയ്യണം. പൊതുമധ്യത്തിൽ പാർട്ടിയെ മോശമാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ അംഗീകരിക്കില്ല. സ്വന്തം മികവു പ്രദർശിപ്പിക്കാനുള്ള അധ്വാനമല്ല (ഷോ വർക്ക്), കോൺഗ്രസിനു കരുത്തു പകരുന്ന കഠിനാധ്വാനമാണ് (ഹാർഡ് വർക്ക്) ആവശ്യം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുഫലം പാഠമാകണം. 

പാർട്ടിയുമായി അകന്നുനിൽക്കുന്ന മത, സമുദായ സംഘടനകളെ ഒപ്പംനിർത്താൻ ഊർജിത ശ്രമം വേണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനമാണു കേരളം. മതേതര മൂല്യങ്ങളിൽ വിട്ടുവീഴ്ചചെയ്യാതെ വിവിധ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കണം. ന്യൂനപക്ഷങ്ങളുടെയും പാവപ്പെട്ടവരുടെയും ആവശ്യങ്ങൾക്കൊപ്പം നിൽക്കണം. റഫാൽ, വിജയ് മല്യ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാനത്തു കൂടുതൽ പ്രചാരണം ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. 

വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, തിരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ എന്നിവരും അരമണിക്കൂർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പനിയെത്തുടർന്നു വിശ്രമത്തിലായതിനാൽ വർക്കിങ് പ്രസിഡന്റ് എം.ഐ.ഷാനവാസ് എത്തിയില്ല.

തിരുവനന്തപുരത്ത് 27നു രാവിലെ മുല്ലപ്പള്ളി സ്ഥാനമേൽക്കും. 

വലിയ പ്രതീക്ഷ: ആന്റണി 

രാഹുൽ ഗാന്ധി വലിയ പ്രതീക്ഷയോടെയാണു കേരളത്തിൽ പുതിയ ഭാരവാഹികളെ നിയമിച്ചതെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. പരിചയസമ്പന്നമായ നേതൃനിരയാണിത്. 

താഴെത്തട്ടിൽ പാർട്ടി ദുർബലമാണ്. ബൂത്തുതലത്തിൽ ശക്തിപ്പെടുത്തണം. ഒരേസ്വരത്തിൽ സംസാരിക്കുന്ന നേതൃത്വമാണ് ആവശ്യം. അകന്നുപോയ വിഭാഗങ്ങളെ തിരികെയെത്തിക്കാൻ ശ്രമം വേണമെന്നും ആന്റണി പറഞ്ഞു.