Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു ജലസേചന പദ്ധതികൾ വിഴുങ്ങിയത് 1819.27 കോടി; പൂർത്തിയാക്കാൻ ഇനിയും വേണം, 645.54 കോടി

Dams

തിരുവനന്തപുരം∙ സംസ്ഥാനത്ത് 83.34 കോടി രൂപ ചെലവിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു നിർമാണം ആരംഭിച്ച നാലു ജലസേചന പദ്ധതികൾ ഇതുവരെ വിഴുങ്ങിയത് 1819.27 കോടി രൂപ. ഇനി 645.54 കോടി കൂടി ചെലവഴിച്ചാലേ ഇവ പൂർത്തിയാകൂ. അത്യാവശ്യ ജോലികൾ തീർത്ത് ഇവ പൂർത്തിയാക്കുന്നതിനുള്ള റിപ്പോർട്ട് ആസൂത്രണ ബോർഡ് മുഖ്യമന്ത്രിക്കു സമർപ്പിച്ചു.

മൂവാറ്റുപുഴ, ഇടമലയാർ, കാരാപ്പുഴ, ബാണാസുര സാഗർ പദ്ധതികളെക്കുറിച്ചാണു ബോർഡ് പഠിച്ചു റിപ്പോർട്ട് നൽകിയത്. ഇതു മുഖ്യമന്ത്രി പരിശോധിച്ചു തുടർനടപടി തീരുമാനിക്കും. ഖജനാവു ചോർത്തുന്ന പദ്ധതികൾ കഴിവതും വേഗം അവസാനിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.

∙ മൂവാറ്റുപുഴ പദ്ധതി

1974ൽ നിർമാണം ആരംഭിക്കുമ്പോൾ പ്രതീക്ഷിച്ച ചെലവ് 20.86 കോടി. ഇതുവരെ ചെലവിട്ടത് 988.82 കോടി. 53 കോടി കൂടിയുണ്ടെങ്കിൽ പൂർണമാകുമെന്നു ജലവിഭവ വകുപ്പു പറയുന്നു.

∙ ഇടമലയാർ പദ്ധതി

17 കോടിക്കു പൂർത്തിയാക്കാമെന്ന പ്രതീക്ഷയോടെ 1981ൽ തുടങ്ങി. കഴിഞ്ഞ മാർച്ച് 31 വരെ 460 കോടി വിഴുങ്ങി. പദ്ധതിയുടെ ലോ ലെവൽ കനാലിന്റെ നീളവും ബ്രാഞ്ച് കനാലുകളുടെ എണ്ണവും കുറച്ചുകൊണ്ടു തയാറാക്കിയ 139 കോടിയുടെ പുതുക്കിയ രൂപരേഖ അംഗീകാരത്തിന് ആസൂത്രണ ബോർഡ് മുമ്പാകെ. ഈ തുക കൂടി മുടക്കിയാൽ 2021ൽ പൂർത്തിയാക്കാമെന്നു ജലവിഭവ വകുപ്പ്. മെയിൻ കനാലിന്റെ ജോലികൾ ഏതാണ്ടു പൂർത്തിയായി. ലിങ്ക് കനാലിനു സ്ഥലമെടുക്കുന്നു.

∙ കാരാപ്പുഴ പദ്ധതി

വെറും 7.6 കോടി രൂപയ്ക്കു പൂർത്തിയാക്കാമെന്ന പ്രതീക്ഷയിൽ 1976ൽ നിർമാണം തുടങ്ങി. ഇതുവരെ ചെലവിട്ടത് 316.45 കോടി. ഇനി വേണ്ടത് 243.54 കോടി. പദ്ധതി 2010ൽ ഭാഗികമായി പൂർത്തിയാക്കി. ഘട്ടംഘട്ടമായി 601 ഹെക്ടർ സ്ഥലത്തു ജലസേചനം നടത്തുന്നു.

∙ ബാണാസുര സാഗർ

37.88 കോടി രൂപ ചെലവു പ്രതീക്ഷിച്ച് ’99ൽ തുടക്കമിട്ടു. ഇതുവരെ ചെലവിട്ടത് 54 കോടി. ഇനി വേണ്ടത് 210 കോടി.