Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളജ് അധ്യാപക നിയമനം: ഒബിസിക്ക് മാർക്ക് ഇളവ്

PSC

തിരുവനന്തപുരം∙ കോളജ് അധ്യാപക നിയമനം നടത്തുമ്പോൾ പൊതുവിഭാഗത്തിന്റെ യോഗ്യതാ മാർക്കിനെക്കാൾ 5% കുറവുള്ള ഒബിസി വിഭാഗക്കാർക്കും അപേക്ഷിക്കാമെന്ന വ്യവസ്ഥ നടപ്പാക്കാൻ പിഎസ്‍‍സി യോഗം തീരുമാനിച്ചു. സർവകലാശാല, കോളജ് അധ്യാപകരെ തിരഞ്ഞെടുക്കുമ്പോൾ അപേക്ഷകരുടെ ഡിഗ്രി, പിജി പരീക്ഷകളുടെ മാർക്കിനു വെയ്റ്റേജ് നൽകണമെന്ന യുജിസി നിർദേശം പഠിക്കാൻ അക്കാദമിക് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

കോളജ് അധ്യാപക നിയമനത്തിനു പട്ടിക വിഭാഗക്കാർക്കു യോഗ്യതാ പരീക്ഷയിൽ പൊതു വിഭാഗക്കാർക്കു നിശ്ചയിച്ച മാർക്കിനെക്കാൾ 5% കുറവു മതി. ഇത് ഒബിസി വിഭാഗം ഉദ്യോഗാർഥികൾക്കു കൂടി ബാധകമാക്കണമെന്നു പിഎസ്‌സിയെ യുജിസി അറിയിച്ചിരുന്നു. ഇങ്ങനെ മാറ്റണമെങ്കിൽ കോളജ് അധ്യാപക നിയമനത്തിന്റെ നിലവിലുള്ള സ്പെഷൽ റൂൾ ഭേദഗതി ചെയ്യണം. അല്ലെങ്കിൽ ഈ വ്യവസ്ഥ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കണം.

ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ഇതുകൂടി ഉൾപ്പെടുത്തി ഉത്തരവിറക്കുകയായിരുന്നു. ഒബിസി വിഭാഗക്കാർക്കും ഇനി ഈ ആനുകൂല്യം ലഭിക്കും.

സർവകലാശാല–കോളജ് അധ്യാപകർ, ഹയർസെക്കൻഡറി അധ്യാപകർ തുടങ്ങിയവർക്കു പിജി മാർക്കിനനുസരിച്ചു ഗ്രേസ് മാർക്ക് നൽകുന്നതു നിർത്തലാക്കണമെന്ന നിർദേശം നേരത്തേ പിഎസ്‍‍സി യോഗത്തിൽ വന്നിരുന്നു. പിജിക്ക് ഗ്രേ‍ഡിങ് നടപ്പാക്കിയ ശേഷം പല ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളും മാർക്ക് സമീകരണ ഫോർമുല പിഎസ്‌സിക്കു നൽകാത്ത സാഹചര്യത്തിൽ ഗ്രേസ് മാർക്ക് കൃത്യമായി കണക്കാക്കാൻ സാധിക്കുന്നില്ലെന്നാ‌ണ് ഇതിനു പറഞ്ഞ ന്യായം.

അധ്യാപകൻ ആകേണ്ടയാളിന്റെ നിലവാരം അളക്കുന്നതിന് അയാൾക്കു ലഭിച്ച മാർക്കിനു പ്രാധാന്യമുണ്ടെന്നു ചൂണ്ടിക്കാട്ടി അംഗങ്ങളിൽ ചിലർ ഇതിനെ എതിർത്തു. ഗ്രേസ് മാർക്ക് നിർത്തിയാൽ നിലവിലുള്ള ഒഎംആർ പരീക്ഷയ്ക്കും ഇന്റർവ്യൂവിനും പുറമെ എഴുത്തുപരീക്ഷ കൂടി നടത്തി ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കണമെന്നും അവർ വാദിച്ചു. ഒടുവിൽ ഗ്രേസ് മാർക്ക് തുടരാൻ തീരുമാനിച്ചു. ഇതിനിടെയാണു പിഎസ്‌സിക്കു യുജിസി അറിയിപ്പെത്തിയത്.

ഇതനുസരിച്ചു സർവകലാശാലാ–കോളജ് അധ്യാപക നിയമനത്തിനു ഡിഗ്രി, പിജി കോഴ്സുകളുടെ മാർക്ക്, എംഫിൽ, പിഎച്ച്ഡി, റിസർച്ച് പേപ്പറുകൾ തുടങ്ങിയവയ്ക്കെല്ലാം വെയ്റ്റേജ് നൽകണം. കോളജ് അധ്യാപകർക്കും സർവകലാശാലാ അധ്യാപകർക്കും വ്യത്യസ്ത മാനദണ്ഡമാണു യുജിസി നിശ്ചയിച്ചിരിക്കുന്നത്. യുജിസി നിർദേശിച്ച സാഹചര്യത്തിൽ ഇനിയുള്ള നിയമനങ്ങളിൽ ഇതു നടപ്പാക്കേണ്ടി വരും. ഇതേക്കുറിച്ച് അക്കാദമിക് കമ്മിറ്റി പഠിച്ച ശേഷം എങ്ങനെ നടപ്പാക്കണമെന്നു ശുപാർശ ചെയ്യും.