Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിനെതിരായ കേസ്: തെളിവ് തേടി പൊലീസ് വീണ്ടും ജലന്തറിലേക്ക്

Franco-Jail പാലാ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്ന് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്കു മാറ്റുന്നു. ചിത്രം: ജിബിൻ ചെമ്പോല ∙മനോരമ

കോട്ടയം ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ കൂടുതൽ തെളിവു തേടി അന്വേഷണ സംഘം അടുത്തയാഴ്ച വീണ്ടും ജലന്തറിലേക്ക്. ബിഷപ്പിനെക്കൂട്ടാതെയുള്ള യാത്രയിൽ പൊലീസ് രൂപത ആസ്ഥാനത്തുനിന്നും ഓഫിസുകളിൽ നിന്നും തെളിവെടുക്കും. സന്യസ്ത സമൂഹം വിട്ട 20 കന്യാസ്ത്രീകളിൽ നാലു പേരുടെ മൊഴി എടുത്തു. മറ്റുള്ളവരുടെ മൊഴി കൂടി എടുക്കും. 

ജലന്തറിൽ ലഭിക്കുന്ന പരാതികളിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് അന്വേഷണ സംഘം കത്തു നൽകി. ഫാ. ജയിംസ് ഏർത്തയിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസ്, പരാതി നൽകിയ കന്യാസ്ത്രീയെ അപായപ്പെടുത്താൻ ശ്രമിച്ച കേസ്, പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രദർശിപ്പിച്ചെന്ന അനുബന്ധ കേസ്, ഇവയിലെ അന്വേഷണം ഈയാഴ്ച പൂർത്തിയാക്കും. 

ബിഷപ് ഫ്രാങ്കോയെ രണ്ടു ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. നാലു വർഷം മുൻപ് ഉപയോഗിച്ച മൊബൈൽ ഫോണിനെപ്പറ്റി പോലും വിവരം ലഭിച്ചില്ല.

പൊതുതാൽപര്യ ഹർജികൾ ഡിവിഷൻ ബെഞ്ച് തീർപ്പാക്കി

കൊച്ചി ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പൊതുതാൽപര്യ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. 

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും മറ്റും ആവശ്യപ്പെട്ട് മലയാളവേദി പ്രസിഡന്റ് ജോർജ് വട്ടുകുളം നൽകിയ ഹർജി, നിലവിലെ അന്വേഷണ പുരോഗതി മാനിച്ച് ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു തീർപ്പാക്കിയത്. പീഡനക്കേസുകളിൽ സാക്ഷിസംരക്ഷണ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും കേരള കാത്തലിക് റിഫമേഷൻ മൂവ്‌മെന്റ് ഉന്നയിച്ചിരുന്നു.

related stories