Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം ബാധിക്കാത്തവരുടെ അക്കൗണ്ടിലും സർക്കാർ സഹായമെത്തി

Donation

തണ്ണിത്തോട് (പത്തനംതിട്ട)∙ അർഹരായ ഒട്ടേറെപ്പേർക്ക് പ്രളയ ദുരിതാശ്വാസം ലഭിച്ചില്ലെന്ന പരാതി നിലനിൽക്കെ, നഷ്ടം സംഭവിക്കാത്തവർക്ക് സർക്കാർ ധനസഹായം. തണ്ണിത്തോട് വില്ലേജിലെ മണ്ണീറ തലമാനം, വടക്കേക്കര പ്രദേശങ്ങളിലെ 12 കുടുംബങ്ങൾക്കാണ് 10,000 രൂപ വീതം ലഭിച്ചത്.

ഉരുൾപൊട്ടൽ സാധ്യത പരിഗണിച്ച് ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന കുറെ കുടുംബങ്ങളെ മണ്ണീറ തലമാനം എസ്എൻഡിപി ഹാളിലും വടക്കേക്കരയിലെ വീട്ടിലും വടക്കേ മണ്ണീറയിലെ മൂന്ന് ആദിവാസി കുടുംബങ്ങളെ കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാംപിലും താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ, പ്രളയത്തിൽ വെള്ളം കയറാത്ത പ്രദേശത്തെ ഇവരുടെ വീടുകൾക്ക് നഷ്ടം സംഭവിച്ചിരുന്നില്ല.

ക്യാംപുകളിൽ താമസിച്ചിരുന്ന കുറേപ്പേർക്കു മാത്രം ധനസഹായം ലഭിക്കുകയും പ്രളയ സമയത്ത് സ്ഥലത്തില്ലാതിരുന്നവർ കൂടി അർഹരാകുകയും ചെയ്തതോടെ പരാതിയുയർന്നു. പിന്നീട് പരാതിക്കാരെയും ആനുകൂല്യത്തിന് അർഹരാക്കിയതായി ആക്ഷേപമുണ്ട്. പ്രളയദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞവർക്കു മടങ്ങിയെത്തുമ്പോൾ അടിയന്തര സഹായമായിട്ടാണ് 10,000 രൂപ അനുവദിക്കുന്നത്. എന്നാൽ, പ്രളയം ബാധിച്ചിട്ടില്ലാത്ത പ്രദേശത്തുള്ളവരാണ് ആനുകൂല്യത്തിന് അർഹരായത്.

ക്യാംപിൽ താമസിച്ചവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വില്ലേജ് ഓഫിസിൽ ശേഖരിച്ചപ്പോൾ പോലും ഇവർ ആനുകൂല്യത്തിന് അർഹരാണോയെന്നു പരിശോധനയുണ്ടായില്ല. അക്കൗണ്ടിൽ പണം ലഭിച്ചവരിൽ പലരും ബാങ്കിൽ എത്തി തുക പിൻവലിച്ചു.

ബാങ്കിൽ നിന്നു തുക എടുത്തവരിൽ നിന്ന് അതു തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണെന്നും തുക പിൻവലിക്കാത്തവരുടെ വിവരം ബാങ്കിൽ അറിയിച്ച് തടഞ്ഞിട്ടുണ്ടെന്നും തണ്ണിത്തോട് വില്ലേജ് ഓഫിസർ പറഞ്ഞു.

related stories