Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരള നിർമാണം: തുടക്കം കേരളപ്പിറവി ദിനത്തിൽ

Navakeralam-Rebuild Kerala

തിരുവനന്തപുരം∙ പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമാണം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആരംഭിക്കും. അതുവരെ പരമാവധി സാമ്പത്തിക സമാഹരണമാണു സർക്കാർ ലക്ഷ്യമിടുന്നത്. പുനർനിർമാണ നിർദേശങ്ങൾക്കായി ചുമതലപ്പെടുത്തിയ കെപിഎംജി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആസൂത്രണ ബോർഡ് അടക്കമുള്ള മറ്റ് ഏജൻസികളുടെയും വിദഗ്ധരുടെയും കൂടി അഭിപ്രായം പരിഗണിച്ച് ഇടതു മുന്നണിയും സർക്കാരും നവകേരള മാതൃക രൂപപ്പെടുത്തും.

മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന്റെകൂടി പശ്ചാത്തലത്തിൽ വിദേശ മലയാളികളിൽനിന്നു കാര്യമായ സംഭാവന പ്രതീക്ഷിക്കുന്നു. പുതിയ കേരളത്തിനു വേണ്ട വികസന പദ്ധതികളിലും അവരുടെ സഹായത്തിനായി ഉറ്റുനോക്കുന്നു. ‘സിയാൽ മോഡൽ’ പദ്ധതികൾ ഇവരുടെ പങ്കാളിത്തത്തോടെ സാധ്യമാകുമോയെന്നും പരിശോധിക്കുന്നു. കെപിഎംജിയോടും വിദഗ്ധരോടും ഇത്തരം പദ്ധതികൾ നിർദേശിക്കാനും ആവശ്യപ്പെടും.

ധനസമാഹരണം കഴിഞ്ഞാൽ പുനർനിർമാണ രീതിയാണു തയാറാക്കേണ്ടത്. തകർന്നുപോയവയെ അതേ സ്ഥലത്തു പുനർനിർമിക്കണമോ അതോ അപകടമേഖലയിൽനിന്നു മാറ്റണമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകണം. തദ്ദേശസ്ഥാപനങ്ങളുടെ അഭിപ്രായവും ഇക്കാര്യത്തിൽ തേടും.

തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണത്തിനു ലോകനിലവാരത്തിലുള്ള സാങ്കേതികവിദ്യയെ ആശ്രയിക്കണമെന്ന നിർദേശമുണ്ട്. പൊതുവെ സംസ്ഥാനത്തെ നിർമാണ രീതികളിൽതന്നെ മാറ്റമുണ്ടാകും. അണക്കെട്ടുകൾ തുറന്നുവിട്ടതിലെ വീഴ്ച സംബന്ധിച്ചു പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കുന്നുവെങ്കിലും തുലാവർഷം കണക്കിലെടുത്തുള്ള മുൻകരുതലുകളും ആരംഭിച്ചു.

ജലവിഭവ വകുപ്പിലെയും കെഎസ്ഇബിയിലെയും ഉന്നതോദ്യോഗസ്ഥർ കൂട്ടായ ചർച്ച നടത്തി. ഇത്തരം കൂടിയാലോചനകൾ നേരത്തേയുമുണ്ടെന്നും നടപടികൾ കുറ്റമറ്റതാക്കുകയാണെന്നുമാണ് ഔദ്യോഗിക ഭാഷ്യം.

related stories