Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശിക്കെതിരായ പരാതി സത്യമെന്ന് ഒരു വിഭാഗത്തിന്റെ മൊഴി

PK-Sasi

പാലക്കാട് ∙ പി.കെ.ശശി എംഎൽഎയ്ക്ക് എതിരായ യുവതിയുടെ പരാതിയിൽ പാർട്ടി അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പു തുടരുന്നു. ഇന്നലെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിൽ അംഗങ്ങളായ മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എംപിയും 6 പേരിൽ നിന്നു മൊഴിയെടുത്തു. 

ഇന്നു ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മൊഴി രേഖപ്പെടുത്തും. ശ്രീകൃഷ്ണപുരത്തു നിന്നുള്ള ഏരിയാ കമ്മിറ്റി അംഗവും ജനപ്രതിനിധിയുമായ വ്യക്തിയുടെ വീട്ടിൽ ഡിവൈഎഫ്ഐ നേതാക്കൾ പെൺകുട്ടിയെ വിളിച്ചുവരുത്തി ഒത്തുതീർപ്പിനു ശ്രമിച്ചു എന്ന് ആരോപണമുയർന്നിരുന്നു. ഈ ഒത്തുതീർപ്പു ശ്രമത്തെക്കുറിച്ചായിരിക്കും ഇവരോടു കമ്മിഷൻ ചോദിക്കുക എന്നാണു സൂചന. ആരോപണവിധേയനായ ഏരിയാ കമ്മിറ്റി അംഗത്തിൽ നിന്ന് ഇന്നലെ കമ്മിഷൻ മൊഴിയെടുത്തു. യുവതിയുടെയും ശശിയുടെയും മൊഴിയിൽ പേരു പരാമർശിക്കുന്നവരെയാണ് ഇന്നലെ വിളിച്ചുവരുത്തിയത്. ഇതിൽ ശശിയുടെ തട്ടകമായ മണ്ണാർക്കാട് നിന്നുള്ള ഒരാളൊഴികെ എല്ലാവരും പരാതി വിഭാഗീയതയുടെ ഭാഗമാണെന്നു മൊഴി നൽകി. 

ആദ്യഘട്ടം മുതൽ പെൺകുട്ടിയുടെ കൂടെ നിൽക്കുന്ന ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവർ പരാതി സത്യമാണെന്ന നിലപാടിൽ ഉറച്ചുനിന്നു.പരാതിക്കാരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ലോക്കൽ നേതാക്കൾ ഉൾപ്പെടെയുള്ളരാണ് ഇന്നലെ മൊഴി നൽകിയതെന്ന് അവർ പറയുന്നു.വിഭാഗീയതയെന്നു വരുത്തി താരതമ്യേന ചെറിയ നടപടി മാത്രമാക്കി ചുരുക്കാൻ ശശിഅനുകൂലികൾ ശ്രമിക്കുമ്പോൾ കടുത്ത നടപടി ഉണ്ടായില്ലെങ്കിൽ തെളിവുകൾ അടക്കം പരാതി പുറത്തുവിടുമെന്ന നിലപാടിലാണു യുവതിയെ അനുകൂലിക്കുന്ന വിഭാഗം.

പി.കെ. ശശിക്കെതിരായ പരാതി: രേഖകൾ പൊലീസിനു കൈമാറണമെന്ന ഹർജി തള്ളി 

തിരുവനന്തപുരം∙ ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ യുവതി നൽകിയ പരാതിയെക്കുറിച്ചുള്ള രേഖകൾ പൊലീസിനു കൈമാറാൻ ‌സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നിർദേശം നൽകണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി നിരസിച്ചു. യുവതി നൽകിയ പരാതി മറച്ചുവച്ചതിനാൽ കോടിയേരിയെ പ്രതിയാക്കണമെന്ന ഹർജി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണു പരിഗണിക്കുന്നത്.

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്‌തിരുന്നു. പരാതിയെത്തുടർന്ന് എംഎൽഎയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഇതിനുശേഷം മന്ത്രി എ.കെ.ബാലനെയും പി.കെ.ശ്രീമതി എംപിയെയും പാർട്ടിതല അന്വേഷണത്തിനു ചുമതലപ്പെടുത്തി.

എന്നാൽ സംഭവം പൊലീസിനെ അറിയിച്ചില്ലെന്നാണു ഹർജിയിലെ ആരോപണം. കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയാണു പരാതിക്കാരൻ.