Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയനാശനഷ്ടം: കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം

kerala-flood

തിരുവനന്തപുരം∙ പ്രളയത്തിൽ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും. ദുരിതം ബാധിച്ച 12 ജില്ലകളിൽ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം കൂടിക്കാഴ്ച നടത്തി.

പ്രതീക്ഷിക്കാതെ വന്ന പ്രളയത്തിൽപെട്ട ജനങ്ങളെ രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനീയമായിരുന്നുവെന്നു സംഘത്തലവനും കേന്ദ്ര ആഭ്യന്തര സ്‌പെഷൽ സെക്രട്ടറിയുമായ ബി.ആർ.ശർമ പറഞ്ഞു. പ്രളയം ബാധിച്ച വീടുകളും സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാനും ജനജീവിതം സാധാരണഗതിയിലേക്കു തിരികെക്കൊണ്ടുവരാനും കഴിഞ്ഞു.

ദുരിതാശ്വാസ ക്യാംപുകൾ, രക്ഷാപ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്നു പരാതികൾ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ തകർന്ന കേരളത്തെ പൂർണമായും പുതുക്കിപ്പണിയുന്നതിനുള്ള നടപടികളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും കേന്ദ്രത്തിൽ നിന്നു സ്‌പെഷൽ പാക്കേജ് അഭ്യർഥിച്ചുള്ള നിവേദനം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ചീഫ് സെക്രട്ടറി ടോം ജോസ് സംഘത്തെ അറിയിച്ചു.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, മാത്യു ടി.തോമസ്, വി.എസ്.സുനിൽകുമാർ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ, റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്.സെന്തിൽ, ഐടി സെക്രട്ടറി എം. ശിവശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

related stories