Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിലാഷ് ടോമിയെ രക്ഷിച്ച് തൊട്ടടുത്ത ദ്വീപിലെത്തിക്കും; നന്ദി, കടലോളം

Abhilash'sboat ഒസിരിസ് കപ്പലിലെത്തിയ സംഘം അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്നു. നാവികസേനയുടെ വിമാനത്തിൽനിന്നു പകർത്തിയ ചിത്രം.

സിഡ്നി/ ന്യൂഡൽഹി∙ രക്ഷിക്കാനെത്തിയ കൈകളിലേക്കു കമാൻഡർ അഭിലാഷ് ടോമിയെ കടൽ സുരക്ഷിതമായി കൈമാറി. ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി മൽസരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട മലയാളി സമുദ്രസഞ്ചാരി അഭിലാഷ് ടോമിയെ (39) ഫ്രഞ്ച് മൽസ്യബന്ധനക്കപ്പലായ ‘ഒസിരിസ്’ ഇന്ത്യന്‍ സമയം ഇന്നലെ പകൽ പതിനൊന്നരയോടെ രക്ഷപ്പെടുത്തി. സമീപ മേഖലയിൽ അപകടത്തിൽപ്പെട്ട മറ്റൊരു മൽസരാർഥി, ഐറിഷ് നാവികൻ ഗ്രിഗർ മക്‌ഗുകിനെയും രക്ഷിച്ചു.

ഇരുവരെയും ഏറ്റവുമടുത്തുള്ള ദ്വീപായ ന്യൂ ആംസ്റ്റർഡാമില്‍ ഇന്നു പുലര്‍ച്ചെ ആറരയോടെ എത്തിക്കും. അഭിലാഷിനെ ഇവിടെനിന്നു നാവികസേനാ കപ്പലായ ഐഎൻഎസ് സത്‌പുരയിൽ മൊറീഷ്യസിൽ എത്തിച്ച് തുടർചികിൽസ നൽകുമെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. എന്നാൽ അടിയന്തര വൈദ്യസേവനം ആവശ്യമുണ്ടെങ്കിൽ സത്പുര എത്താൻ കാത്തുനിൽക്കാതെ ഓസ്ട്രേലിയയിലേക്കു കൊണ്ടുപോകുമെന്നു ഗോൾഡൻ ഗ്ലോബ് സംഘാടകർ അറിയിച്ചു. ഓസ്ട്രേലിയൻ നാവികസേനാ കപ്പൽ എച്ച്എഎംഎസ് ബലാററ്റ് മേഖലയിലുള്ളതിനാലാണ് ഈ സാധ്യത പരിഗണിക്കുന്നത്.

വെള്ളിയാഴ്ച ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെ കൊടുങ്കാറ്റിൽ ‘തുരീയ’ എന്ന പായ്‌വഞ്ചി തകർന്നാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. നടുവിനു പരുക്കുള്ളതിനാല്‍ സ്ട്രെച്ചറിൽ ചെറുബോട്ടിലേക്കു മാറ്റിയ ശേഷമാണ് കപ്പലിലെത്തിച്ചത്. കപ്പലിലെ ഡോക്ടർ പ്രഥമശുശ്രൂഷ നൽകി.

അഭിലാഷ് ബോധവാനാണെന്നും സുരക്ഷിതനാണെന്നും നാവികസേനാ വക്താവ് ഡി.കെ.ശർമ അറിയിച്ചു. സേനയുടെ നിരീക്ഷണവിമാനമായ പി8ഐയും ഓസ്ട്രേലിയന്‍ നിരീക്ഷണവിമാനവും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു. ആശങ്ക നിറഞ്ഞ രണ്ടു ദിവസങ്ങൾക്കു ശേഷമെത്തിയ വാർത്ത എറണാകുളം ജില്ലയിലെ കണ്ടനാട്ടുള്ള മാതാപിതാക്കളായ മുൻ ലഫ്റ്റനന്റ് കമാൻഡർ വി.സി.ടോമി, അമ്മ വൽസമ്മ എന്നിവർക്കും ആശ്വാസമായി.

ഒറ്റയ്ക്കു ലോകം ചുറ്റാനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി മൽസരത്തിൽ മൂന്നാമതായിരിക്കെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. സംഘാടകർ അയച്ച സന്ദേശങ്ങൾക്കു മറുപടി ലഭിക്കാതായതോടെ ആശങ്ക ഉടലെടുത്തിരുന്നു. പ്രതികൂല കാലാവസ്ഥയും വെല്ലുവിളി സൃഷ്ടിച്ചു. എന്നാൽ കണക്കുകൂട്ടിയതിലും ഒന്നര മണിക്കൂർ നേരത്തേ ‘ഒസിരിസ്’ ലക്ഷ്യത്തിലെത്തി.