Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശിപ്രശ്നം: കമ്മിഷൻ നടപടികൾ അന്തിമഘട്ടത്തിലേക്ക്

P.K. Sasi പി.കെ. ശശി

തിരുവനന്തപുരം/പാലക്കാട്∙ ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരായ ആക്ഷേപം പരിശോധിക്കുന്ന സിപിഎം കമ്മിഷൻ നടപടികൾ അന്തിമഘട്ടത്തിൽ. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു മുൻപായി റിപ്പോർട്ട് പൂർത്തിയാക്കാനാണു കമ്മിഷൻ അംഗങ്ങളായ പി.കെ.ശ്രീമതിയും എ.കെ.ബാലനും ശ്രമിക്കുന്നത്. കമ്മിഷൻ ഇന്നലെയും പാലക്കാട്ട് തെളിവെടുത്തു. പൂർത്തിയായിട്ടില്ലെങ്കിലും ഇന്ന് അതു തുടരാൻ തീരുമാനിച്ചിട്ടുമില്ല. പാർട്ടി നേതൃത്വത്തോട് ആശയവിനിമയം നടത്തി റിപ്പോർട്ട് സമർപ്പണ കാര്യത്തിൽ തീരുമാനമെടുക്കാനാണു സാധ്യത.

വെള്ളിയാഴ്ച സെക്രട്ടേറിയറ്റും ഞായർ, തിങ്കൾ ദിവസങ്ങളിലായി സംസ്ഥാന കമ്മിറ്റിയും ചേരും. അന്വേഷണ പുരോഗതി എന്തായാലും കമ്മിഷൻ സെക്രട്ടേറിയറ്റിനെ അറിയിക്കും. ശശിക്കെതിരെ പരാതി നൽകിയ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി അതിൽ ഉറച്ചുനിൽക്കുകയാണ്. ഇന്നലെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഒരു ജില്ലാ കമ്മിറ്റി അംഗം എന്നിവരിൽനിന്നാണു മൊഴിയെടുത്തത്. എന്നാൽ, ജില്ലാ കമ്മിറ്റിക്കു പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ തങ്ങൾക്ക് ഇതേപ്പറ്റി അറിയില്ലെന്ന മുൻനിലപാടിൽ ഇവർ ഉറച്ചുനിന്നു. രണ്ടു ദിവസമായി ഒൻപതു പേരുടെ മൊഴിയെടുത്തതിൽ രണ്ടുപേരാണു യുവതിയെ അനുകൂലിച്ചത്. മറ്റുള്ളവർ ശശിയുടെ സ്വാധീനത്തിനു വഴിപ്പെട്ടെന്ന ആക്ഷേപവും കമ്മിഷനു പരിശോധിക്കേണ്ടി വരും.

വിഭാഗീയതയുടെ ഭാഗമായ ഗൂഢാലോചനയാണു പരാതിക്കു പിറകിലെന്ന നിലപാടിലാണു ശശിയെ അനുകൂലിക്കുന്നവർ. ഒത്തുതീർപ്പു ശ്രമങ്ങൾക്കൊന്നും വഴങ്ങാത്ത യുവതി, കമ്മിഷനും പാർട്ടിയും പരാതി തള്ളിയാൽ പൊലീസിനെ സമീപിച്ചേക്കുമെന്നതും സിപിഎമ്മിനു കണക്കിലെടുക്കേണ്ടിവരും. ആരോപണം ശ്രദ്ധയിൽപെട്ട പൊലീസ് മൊഴിയെടുക്കാൻ സമീപിച്ചപ്പോൾ, തനിക്കു പരാതിയില്ലെന്നു യുവതി പ്രതികരിച്ചതു സംഘടനാതലത്തിൽ തീർപ്പുണ്ടാകുമെന്ന വിശ്വാസത്തിലാണ്.

related stories