Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസിനടിയിൽ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു; ബസും ബൈക്കും കത്തിനശിച്ചു

Bus-bike-accident മൂവാറ്റുപുഴയിൽ ബൈക്ക് ഇടിച്ചുകയറിയതിനെ തുടർന്നു ബസിനു തീപിടിച്ചപ്പോൾ. ഇൻസെറ്റിൽ, മരിച്ച അനൂപ്.

മൂവാറ്റുപുഴ ∙ ബൈക്ക് നിയന്ത്രണംവിട്ടു കെഎസ്ആർടിസി ബസിനടിയിൽ ഇടിച്ചുകയറി പൊട്ടിത്തെറിച്ചു. ബൈക്കോടിച്ചിരുന്ന യുവാവ് മരിച്ചു. ബസും ബൈക്കും പൂർണമായി കത്തിനശിച്ചു. കൊട്ടാരക്കര നെല്ലിക്കുന്നം പറങ്കിമാംവിള പുത്തൻപുരവീട്ടിൽ അലക്സാണ്ടറുടെ മകൻ അനൂപ് (17) ആണു മരിച്ചത്. 

ബസിലുണ്ടായിരുന്ന 44 യാത്രക്കാർ ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലിൽ അദ്ഭുതകരമായി രക്ഷപ്പെട്ടു.  എംസി റോഡിൽ മാറാടി പള്ളിപ്പടിയിൽ ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് അപകടം. തൃശൂരിൽ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്നു സൂപ്പർ ഫാസ്റ്റ് ബസ്. മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്നു ബൈക്ക്. അപകടശേഷം പെട്രോൾ ടാങ്കിൽ നിന്നു തീപടർന്നു ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. പിന്നാലെ ബസും കത്തിനശിച്ചു. 

ബൈക്ക് ബസിനടിയിലേക്കു പാഞ്ഞുകയറുകയും പുക ഉയരുകയും ചെയ്തതോടെ ബസ് ഡ്രൈവറും കണ്ടക്ടറും ചേർന്നു യാത്രക്കാരെ ഉടൻ പുറത്തിറക്കി. എല്ലാവരും ബസിൽ നിന്ന് അകലേക്ക് ഓടിമാറിയതിനു തൊട്ടുപിന്നാലെയായിരുന്നു പൊട്ടിത്തെറിയും തീപിടിത്തവും. 

Driver-and-conductor യാത്രക്കാരെ രക്ഷപ്പെടുത്തിയ ഡ്രൈവർ രാജു ബേബിയും കണ്ടക്ടർ കെ.എം. ടിൻസണും.

ബസിനടിയിലേക്കു തെറിച്ചുവീണ അനൂപിനെ നാട്ടുകാർ പുറത്തെടുത്ത് ആദ്യം മൂവാറ്റുപുഴയിലെ ആശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലുൾപ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. 

മൂന്നു ബൈക്കുകൾ ഓരോന്നായി മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം. 

ബസ് ബൈക്കുമായി 50 മീറ്ററോളം റോ‍ഡിലൂടെ ഉരഞ്ഞുനീങ്ങി. 

മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്നുള്ള നാലു ഫയർ യൂണിറ്റുകൾ ഒരു മണിക്കൂറോളം പ്രയത്നിച്ചാണു തീ അണച്ചത്.