Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാം സർക്കാരിന്റെ കാരുണ്യം; ജസ്റ്റ് റിമംബർ ദാറ്റ് ! ശമ്പളം നൽകാൻ മടിക്കുന്നവർക്ക് എസ്പിയുടെ സർക്കുലർ

police-salary

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകാൻ മടിക്കുന്ന പൊലീസുകാർ ശബരിമല ദർശനസൗഭാഗ്യം മുതൽ അപകടത്തിൽ മരിച്ചാൽ ഫോട്ടോ പ്രദർശിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങൾ ഓർക്കണമെന്നു കാസർകോട് എസ്പി: എ.ശ്രീനിവാസിന്റെ സർക്കുലർ. സ്ഥാനക്കയറ്റം മുതൽ എല്ലാം സർക്കാരിന്റെ ഔദാര്യമാണെന്നും എസ്പി ഓർമപ്പെടുത്തി.

സാലറി ചാലഞ്ചിൽ പങ്കാളിയാകാൻ 30 കാര്യങ്ങൾ വിശദീകരിക്കുന്ന തന്റെ കത്ത് വായിച്ചശേഷം 30 മിനിറ്റ് ആലോചിക്കണമെന്നും എസ്പി നിർദേശിക്കുന്നു. 

തെറ്റു ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാറുണ്ടെങ്കിലും വേഗത്തിൽ അത് ഒഴിവാക്കുന്ന സർക്കാരിന്റെ മഹാമനസ്കത മറക്കരുത്. എല്ലാത്തരം സ്ഥാനക്കയറ്റത്തിലുമുള്ള ഔദാര്യം വിസ്മരിക്കാനാകില്ല. ശബരിമല ഡ്യൂട്ടി ലഭിക്കുമ്പോൾ പൊലീസുകാർക്കു സർക്കാർ ചെലവിൽ ഭഗവാനെ ദർശിക്കാനും സേവിക്കാനും അവസരം ലഭിക്കുന്നു.  

വിരമിക്കൽ അടുത്തിരിക്കുന്നവരെ പരേഡിൽനിന്ന് ഒഴിവാക്കുന്നു. ശിക്ഷണ നടപടികളിൽ അവർക്ക് അനുകമ്പ ലഭിക്കുന്നുണ്ട്. വീടിനടുത്തു ജോലി ഉറപ്പാക്കുന്നു. 

പൊലീസുകാരുടെ മക്കൾ എആർ ക്യാംപ്, ബറ്റാലിയൻ എന്നിവിടങ്ങളിലെ ബസുകളിൽ സ്കൂളിൽ പോകുന്നു.  ഉദ്യോഗസ്ഥർ വിരമിച്ചശേഷം മരിച്ചാലും സംസ്കാരത്തിൽ ബ്യൂഗിൾ വായിക്കുന്നു. 

ഗുരുതരമായി പരുക്കേൽക്കുന്നവർക്കു ലഘുവായ ജോലികൾ നൽകുന്നു.  

പൊലീസിൽ ജോലി ചെയ്യുന്നതുകൊണ്ട് വീട്ടുവാടകയ്ക്ക് ഡിസ്കൗണ്ട് ലഭിക്കുന്നില്ലേ? കന്റീനിൽ നിന്നു സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ഇളവിനെക്കുറിച്ചും സർക്കുലർ  ഓ‍ർമിപ്പിക്കുന്നു.