Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശാരവം; മുല്ലപ്പള്ളി ചുമതലയേറ്റു

Mullappally തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേൽക്കുന്ന ചടങ്ങ് എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യുന്നു. ബെന്നി ബഹനാൻ, കെ.സുധാകരൻ, എം.ഐ.ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, എം.എം.ഹസൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി തുടങ്ങിയവർ മുൻനിരയിൽ മുല്ലപ്പള്ളിക്കൊപ്പം. ചിത്രം: മനോരമ

തിരുവനന്തപുരം∙ നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്തവും ആവേശവും നിറഞ്ഞ ചടങ്ങിൽ കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ അധികാരമേറ്റു. വർക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരൻ, എം.ഐ.ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, പ്രചാരണസമിതി ചെയർമാൻ കെ.മുരളീധരൻ എന്നിവരടങ്ങുന്ന ‘ടീം കോൺഗ്രസ്’ ഇതോടെ പാർട്ടിയുടെ മുൻനിര സ്ഥാനമേറ്റെടുത്തു.

ഗാന്ധിപാർക്കിലെ രാഷ്ട്രപിതാവിന്റെ പ്രതിമയിൽ ഹാരമർപ്പിച്ചു 11.35 ന് ‘ഇന്ദിരാ ഭവനി’ൽ മുല്ലപ്പള്ളി എത്തിയപ്പോൾ ആവേശം അണപൊട്ടി. 

സേവാദളിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം കോൺഗ്രസ് പതാക ഉയർത്തിയപ്പോൾ കരഘോഷം. 

തുടർന്ന് ഗാന്ധിജി, പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ ചിത്രങ്ങളിൽ പുഷ്പാർച്ചന. 

കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി പുതിയ സാരഥിയെ ആശ്ലേഷിച്ചു. ഇത്രയും പ്രവർത്തകബാഹുല്യമുള്ള ചടങ്ങിൽ പാർട്ടി പ്രസിഡന്റാകാൻ മുൻഗാമികൾക്കാർക്കും കഴിഞ്ഞിട്ടില്ലെന്ന് ആന്റണി പറഞ്ഞു. 

ആദ്യം വേണ്ടത് ഐക്യമാണ്. ഉൾപ്പാർട്ടി ജനാധിപത്യം പ്രധാനമെന്നു കരുതുമ്പോൾ തന്നെ പാർട്ടി അധ്യക്ഷന്റേത് അവസാന വാക്ക് ആകണം. 18 മാസം പാർട്ടിയെ നയിച്ച എം.എം.ഹസന്റെ പ്രവർത്തനം മാതൃകാപരമായിരുന്നു – ആന്റണി പറഞ്ഞു.  

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ, പി.സി.ചാക്കോ, എം.എം.ഹസൻ, തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ എന്നിവർ പ്രസംഗിച്ചു.