Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ ആധാർ: ബയോമെട്രിക് വിവരം നൽകാത്തവ റദ്ദാകും

Aadhaar biometric identity card

തിരുവനന്തപുരം∙ വിരലടയാളം, കൃഷ്ണമണി ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാർ റദ്ദാകും. അഞ്ചു വയസ്സിനു താഴെയുള്ളവർക്ക് ആധാർ എടുക്കുമ്പോൾ ബയോമെട്രിക്സ് എടുക്കാറില്ല, എന്നാൽ അഞ്ചു വയസ്സു കഴിയുമ്പോഴും 15 വയസ്സ് കഴിയുമ്പോഴും ബയോമെട്രിക് രേഖകൾ അപ്ഡേറ്റ് ചെയ്യണമെന്നാണു നിബന്ധന. ആധാർ നമ്പർ ഉണ്ടായിട്ടും ഭൂരിഭാഗം കുട്ടികളും അപ്ഡേറ്റ് ചെയ്യുന്നില്ല എന്നു കണ്ടെത്തിയതോടെയാണു യുഐഡിഎഐയുടെ തീരുമാനം.

ഏഴു വയസ്സ് കഴിഞ്ഞിട്ടും ബയോമെട്രിക്സ് നൽകാത്ത കുട്ടികളുടെ ആധാർ താൽക്കാലികമായി പിൻവലിക്കുമെന്നറിയിച്ച് അക്ഷയ സംസ്ഥാന ഓഫിസിനു കത്ത് ലഭിച്ചു. ഇവർക്കു ബയോമെട്രിക്സ് അപ്ഡേറ്റ് ചെയ്താൽ തുടർന്ന് ഉപയോഗിക്കാം. എന്നാൽ 15 വയസ്സ് കഴിഞ്ഞിട്ടും ഒരിക്കിൽ പോലും അപ്ഡേറ്റ് ചെയ്യാത്തവരുടെ ആധാർ റദ്ദാകും. ഇവർക്ക് ഒരാവശ്യങ്ങൾക്കും ആധാർ ഉപയോഗിക്കാൻ കഴിയില്ല.

സംസ്ഥാനത്ത് ആധാർ മെഷീനുള്ള 800 അക്ഷയ കേന്ദ്രങ്ങളിൽ ബയോമെട്രിക്സ് അപ്‍ഡേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. അഞ്ചു വയസ്സിനു ശേഷമുള്ള ആദ്യ അപ്ഡേഷൻ സൗജന്യമാണ്, രണ്ടാമത്തെ അപ്ഡേഷന് 25 രൂപ ഈടാക്കും.