Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്‌എസ്‌എൽസി പരീക്ഷ രാവിലെ; ശുപാർശയിൽ തീരുമാനം വൈകുന്നു

മലപ്പുറം ∙ എസ്‌എസ്‌എൽസി പരീക്ഷ രാവിലെയാക്കണമെന്ന വിദ്യാഭ്യാസ വകുപ്പ് ഗുണനിലവാര നിരീക്ഷണ സമിതിയുടെ ശുപാർശയിൽ സർക്കാർ നടപടി വൈകുന്നു. വരാനിരിക്കുന്ന കടുത്ത വേനലിൽ ഉച്ചയ്‌ക്കു പരീക്ഷ നടത്തുന്നതു വിദ്യാർഥികൾക്ക് ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണു പരീക്ഷാ സമയം മാറ്റാൻ നിർദേശം സമർപ്പിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്‌ടറും അധ്യാപക സംഘടനാ പ്രതിനിധികളും വകുപ്പിനു കീഴിലെ വിവിധ ഉപവകുപ്പുകളുടെ തലവന്മാരും അടങ്ങിയ സമിതിയുടേതായിരുന്നു ശുപാർശ. 

പരീക്ഷ രാവിലെ നടത്തണമെന്ന ആവശ്യവുമായി വിദ്യാർഥികൾ നേരത്തേ ബാലാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. ചോദ്യക്കടലാസുകൾ രാവിലെ സ്‌കൂളുകളിൽ എത്തിക്കാൻ വിഷമമുള്ളതിനാലാണ് ഉച്ചയ്‌ക്കു പരീക്ഷ നടത്തുന്നതെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. നിലവിൽ ട്രഷറികളിലെയും ബാങ്കുകളിലെയും ലോക്കറുകളിലാണു ചോദ്യക്കടലാസുകൾ സൂക്ഷിക്കുന്നത്. ഇവ പരീക്ഷാ ദിവസം രാവിലെയാണു പുറത്തെടുത്തു വാഹനങ്ങളിൽ സ്‌കൂളുകളിൽ എത്തിക്കുന്നത്. രാവിലെ 8ന് തുടങ്ങുന്ന ചോദ്യക്കടലാസ് വിതരണം 11ന് ആണ് അവസാനിക്കുന്നത്. 

പരീക്ഷ രാവിലെയാക്കിയാൽ ട്രഷറികൾ തുറപ്പിച്ചു ചോദ്യക്കടലാസുകൾ എത്തിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു നിലപാട്. സ്‌കൂളുകളിൽ ചോദ്യക്കടലാസ് സൂക്ഷിക്കുന്നതു സുരക്ഷിതമല്ലെന്നും പല സ്‌കൂളുകളിലും അടച്ചുറപ്പുള്ള അലമാരകളില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും അറിയിച്ചിരുന്നു. ചോദ്യക്കടലാസുകൾ സൂക്ഷിക്കുകയും എത്തിക്കുകയും ചെയ്യുന്ന രീതി മാറ്റിയാലേ പരീക്ഷ രാവിലെ നടത്താൻ കഴിയുകയുള്ളൂ. 

ഇക്കാര്യത്തിലാണു സർക്കാർ തീരുമാനമെടുക്കേണ്ടത്. പരീക്ഷ രാവിലെയാക്കുന്നതിനു വേണ്ട സൗകര്യങ്ങൾ എങ്ങനെ ഒരുക്കുമെന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. ഒരു മാസം മുൻപു സർക്കാരിനു ലഭിച്ച ശുപാർശയിൽ ഇനിയും തീരുമാനമുണ്ടായിട്ടില്ല. പ്രളയാനന്തരം വരാനിരിക്കുന്നതു കനത്ത വേനലായിരിക്കുമെന്ന കണക്കുകൂട്ടലാണു പരീക്ഷ രാവിലെ നടത്തണമെന്ന നിർദേശത്തിനു പിന്നിൽ. 

ചോദ്യക്കടലാസ് സ്കൂളിൽ എത്തിക്കാൻ ഒരു കോടി

സർക്കാർ പ്രസുകളിൽ അച്ചടിക്കുന്ന ചോദ്യക്കടലാസുകൾ ട്രഷറികളിലേക്കും പിന്നീട് സ്‌കൂളുകളിലേക്കും എത്തിക്കുന്നതിന് ഒരു കോടിയോളം രൂപ ഓരോ വർഷവും ചെലവാകുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകളിൽ അടച്ചുറപ്പുള്ള അലമാര സ്‌ഥാപിക്കാൻ ആവശ്യമായ തുകയെക്കാൾ കൂടുതൽ ഇതിനകം ചെലവിട്ടു കഴിഞ്ഞു. കഴിഞ്ഞ തവണത്തെ പരീക്ഷയ്‌ക്കു ചോദ്യക്കടലാസ് വിതരണത്തിനു ചെലവിട്ടത് 1,00,06,000 രൂപയാണ്. 98,25,000 (2017), 95,55,000 (2016) എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ കണക്ക്.