Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള ബാങ്കിന് ആർബിഐ പച്ചക്കൊടി; 14 ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിക്കും

Reserve Bank of India

കണ്ണൂർ ∙ രണ്ടു വർഷമായി തുടരുന്ന ചർച്ചകൾക്കൊട‌ുവിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരള ബാങ്ക് രൂപീകരണത്തിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി. 14 ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ആക്കാനുള്ള അനുമതിയാണു റിസർവ് ബാങ്ക് നൽകിയത്. ഇതു സംബന്ധിച്ചു സർക്കാർ അടുത്തയാഴ്ച ഓർഡിനൻസ് ഇറക്കും.

14 ജില്ലാ ബാങ്കുകളും അവയുടെ 804 ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളും കേരള ബാങ്കിന്റെ ശാഖകളാകും. ജില്ലാ ബാങ്കുകൾ ഇല്ലാതാകും. സഹകരണ നിയമപ്രകാരം ജില്ലാ ബാങ്കുകൾ ലയിപ്പിക്കാൻ പൊതുയോഗത്തിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ അനുമതി വേണം. നിലവിൽ പല ജില്ലാ ബാങ്കുകളിലും യുഡിഎഫ് അനുകൂല വിഭാഗത്തിനു ഭൂരിപക്ഷമുള്ളതിനാൽ അനുമതി ലഭിക്കുക എളുപ്പമാവില്ല. അതു മറികടക്കാനാണ് ഓർഡിനൻസ്.

രണ്ടു ദിവസം മുൻപു ചേർന്ന ആർബിഐ ബോർഡ് ഓഫ് ഡയറക്ടേഴ്സ് കേരള ബാങ്കിന് അനുമതി നൽകിയെങ്കിലും ജില്ലാ ബാങ്കുകളുടെ പൊതുയോഗങ്ങൾ നടക്കുന്നതിനാൽ സർക്കാർ ഈ വിവരം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. പൊതുയോഗങ്ങളിൽ എതിർപ്പ് ഉയരുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഉപാധികളോടെ ആർബിഐ അനുമതി നൽകിയെങ്കിലും ബാങ്ക് പ്രവർത്തനം തുടങ്ങാൻ മാസങ്ങൾ വേണ്ടിവരും. ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലായി കേസുകളുമുണ്ട്.

സഹകരണ ബാങ്കുകൾക്ക് ആധുനിക ബാങ്കിങ് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണു കേരള ബാങ്ക് രൂപീകരിക്കുന്നതെന്നാണു സർക്കാർ വിശദീകരണം. എന്നാൽ ജില്ലാ ബാങ്കുകളിലും സംസ്ഥാന ബാങ്കിലുമായുള്ള 70,000 കോടി രൂപയുടെ നിക്ഷേപം സർക്കാരിന്റെ താൽപര്യങ്ങൾക്കായി വിനിയോഗിക്കുകയാണ് യഥാർഥ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

നേരത്തേ ജില്ലാ ബാങ്കുകളിൽനിന്നു വായ്പ ലഭിക്കണമെങ്കിൽ ജില്ലാ ബാങ്ക് ഭരണസമിതികളുടെ അനുമതി വേണമായിരുന്നു. എന്നാൽ, കേരള ബാങ്കിൽ സർക്കാരിനു നേരിട്ട് ഇടപാടു നടത്താം. വികസന പ്രവർത്തനങ്ങൾക്കോ താൽപര്യമുള്ളവർക്കു വായ്പ നൽകാനോ ആരുടെയും അനുമതി ആവശ്യമില്ല. സംസ്ഥാനത്തെ 1640 പ്രാഥമിക കാർഷിക ക്രെഡിറ്റ് സംഘങ്ങളിൽ നിന്നു (പാക്സ്) തിരഞ്ഞെടുക്കപ്പെടുന്നവർ ചേർന്നതാവും പുതിയ ഭരണസമിതി. സംസ്ഥാനത്തെ 65% സംഘങ്ങളും സിപിഎം നിയന്ത്രണത്തിലാണ്.

14 ജില്ലാ സഹകരണ ബാങ്കുകൾ; ഇടപാട് 1 ലക്ഷം കോടി രൂപ

നിലവിൽ 14 ജില്ലാ സഹകരണ ബാങ്കുകൾ ചേർന്നു നടത്തുന്നത് ഒരു ലക്ഷം കോടി രൂപയുടെ ഇടപാട്. ആകെയുള്ളത് 70,000 കോടി രൂപയുടെ നിക്ഷേപം. വായ്പകളും സ്റ്റാറ്റ്യൂട്ടറി റിസർവും കഴിഞ്ഞുള്ള നീക്കിയിരിപ്പ് 20,000 കോടിയിലേറെ രൂപ. ലാഭത്തിലുള്ള 14 ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നത് നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിലേക്ക്.

ഇപ്പോൾ ത്രിതല സംവിധാനം

(1) സംസ്ഥാന സഹകരണ ബാങ്ക്

(2) ജില്ലാ ബാങ്ക് 

(3) പ്രാഥമിക സംഘം

ഇനി ദ്വിതല സംവിധാനം

(1)കേരള ബാങ്ക്

(2) പ്രാഥമിക സംഘം