Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേതാക്കളുടെ ഫാൻസ് അസോ. പ്രകടനം വേണ്ടെന്നു കോൺഗ്രസ് ഉന്നതനേതൃത്വം

mullappally-ramachandran

തിരുവനന്തപുരം∙ നേതാക്കളുടെ ഫാൻസ് അസോസിയേഷൻ പ്രകടനത്തിൽ കോൺഗ്രസ് ഉന്നതനേതൃത്വത്തിന് അതൃപ്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാരോഹണച്ചടങ്ങിലും അതിനുശേഷവും ഇന്ദിരാഭവൻ കേന്ദ്രീകരിച്ചു ഫാൻസ് അസോസിയേഷനുകളുടെ വരവും പോസ്റ്റർ മത്സരവും കടുത്തതോടെയാണിത്.

മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം വർക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരൻ, എം.ഐ.ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്, പ്രചാരണസമിതി ചെയർമാൻ കെ.മുരളീധരൻ എന്നിവരും ചുമതലയേറ്റിരുന്നു. ഈ ചടങ്ങ് കെ.സുധാകരന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും അനുയായികൾ ഏതാണ്ടു കയ്യടക്കുന്ന സ്ഥിതിയായിരുന്നു. ഇവർക്കായി മത്സരിച്ചു മുദ്രാവാക്യങ്ങൾ മുഴങ്ങിയതോടെ നേതാക്കൾ അസ്വസ്ഥരായി.

അതിനുശേഷവും ഇന്ദിരാഭവനു മുന്നിൽ ബാനറുകളും പോസ്റ്ററുകളും മത്സരിച്ചുയരുകയാണ്. അനുയായികളോടു മിതത്വം പാലിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്, ഈ സംഭവവികാസങ്ങളോടെ വർക്കിങ് പ്രസിഡന്റുമാർക്കു മേഖലകൾ തിരിച്ചു ചുമതല നൽകാമെന്ന മുൻധാരണയുടെ കാര്യത്തിലും ഉന്നതനേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായങ്ങളായി. മേഖലകൾ ഇവർ സാമ്രാജ്യങ്ങളാക്കി മാറ്റുമെന്നാണു വിമർശകർ പറയുന്നത്.

വർക്കിങ് പ്രസിഡന്റുമാർക്കു സംസ്ഥാനങ്ങളിലെ വിവിധ ജില്ലകൾ മേഖലകളാക്കി തിരിച്ചു ചുമതല നൽകുന്ന ശൈലിയാണു മറ്റു സംസ്ഥാനങ്ങളിൽ എഐസിസി പിന്തുടരുന്നതെന്നതിനാൽ ഇവിടെയും അങ്ങനയെന്നായിരുന്നു ആദ്യധാരണ. എട്ടിനു ചേരുന്ന രാഷ്ട്രീയകാര്യസമിതിയുടെ പരിഗണനയ്ക്ക് ഇക്കാര്യം വിട്ടു.