Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല പ്രവേശനം: തിരക്കിട്ട് നടപടി പാടില്ലെന്ന് ഉമ്മൻചാണ്ടി

Oommen Chandy

തിരുവനന്തപുരം ∙ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കു പിന്നാലെ സർക്കാർ തിരക്കിട്ട് തുടർ നടപടികളിലേയ്ക്കു കടക്കരുതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വിധിയുടെ എല്ലാ വശങ്ങളും പഠിച്ചു റിവ്യൂ ഹർജി നൽകാനുള്ള സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ച പശ്ചാത്തലത്തിലാണ് ഉമ്മൻചാണ്ടി കത്തയച്ചത്.

2011–ലെ ഇടതുസർക്കാർ ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലമാണു നൽകിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നതിനെ തുടർന്നു കഴിഞ്ഞ യുഡിഎഫ് സർക്കാർ പുതിയ സത്യവാങ്മൂലം നൽകി. അതിൽ നിന്നു വ്യത്യസ്തമായ സത്യവാങ്മൂലം ഈ സർക്കാർ നൽകുകയും അതിലെ ആവശ്യം അംഗീകരിക്കുന്ന വിധത്തിലുള്ള ഭൂരിപക്ഷവിധി ഉണ്ടാകുകയും ചെയ്തു. സർ‍ക്കാർ സത്യവാങ്മൂലത്തിനു വിരുദ്ധമായാണ് ഇടതുപക്ഷം ഭരിക്കുന്ന ദേവസ്വം ബോർഡ് നിലപാടു സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയല്ലെന്നും ജനവികാരം കൂടി കണക്കിലെടുത്ത് തീരുമാനം എടുക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും ഉമ്മൻചാണ്ടി അഭ്യർഥിച്ചു.