Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടി അനുഭാവിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ; പ്രതിക്കായി വനിതാ നേതാവ് സ്റ്റേഷനിൽ

CPM-Leader-Vijesh പീഡനക്കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് വിജേഷ്.

പാലക്കാട്∙ പാർട്ടി അനുഭാവിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. കെ‍ാടക്കാട് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കോട്ടോപ്പാടം മേഖല ജോയിന്റ് സെക്രട്ടറിയുമായ മണ്ണാർക്കാട് കോട്ടോപ്പാടം കെ‍ാടക്കാട് മാട്ടായിൽ വിജേഷിനെയാണ് (28) നാട്ടുകൽ പെ‍ാലീസ് അറസ്റ്റ് ചെയ്തത്.

കോട്ടോപ്പാടം സ്വദേശിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയെ തുടർന്നാണ് അറസ്റ്റ്.

സംഭവത്തെപ്പറ്റി പെ‍ാലീസ് പറയുന്നത്: ഒന്നര വർഷം മുമ്പ് വീട്ടമ്മയെ ഇയാൾ പീഡിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി, ഇവ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയും ദൃശ്യങ്ങൾ വീട്ടമ്മയുടെ മകന് അയച്ചുകെ‍ാടുക്കുകയും ചെയ്തു. പി.കെ.ശശി എംഎൽഎയ്ക്ക് എതിരായി ഡിവൈഎഫ്ഐ ജില്ലാ നേതാവായ യുവതി പരാതി നൽകിയത് പാർട്ടി അന്വേഷിക്കുന്ന ഘട്ടത്തിൽ തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് സിപിഎമ്മിനെ കൂടുതൽ കുഴക്കുകയാണ്.

രണ്ടു സംഭവങ്ങളും മണ്ണാർക്കാട് ഏരിയ കമ്മിറ്റിക്കു കീഴിലാണ് ഉണ്ടായിരിക്കുന്നത്.

പ്രതിക്കായി സിപിഎം വനിതാ നേതാവ് സ്റ്റേഷനിൽ

പാലക്കാട്∙ പീഡനക്കേസിൽ അറസ്റ്റിലായ പ്രതിക്കുവേണ്ടി മഹിളാ അസോസിയേഷൻ നേതാവ് പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്നത് ജില്ലയിലെ സിപിഎമ്മിൽ പുതിയ വിവാദത്തിനു തിരികൊളുത്തുന്നു. പി.കെ. ശശി എംഎൽഎയ്ക്കെതിരായ പരാതിയുയർന്ന അതേ ഏരിയാ കമ്മിറ്റിക്കു കീഴിലാണു പുതിയ സംഭവങ്ങളെന്നതും പാർട്ടിക്കു തലവേദനയായി.

പീഡനക്കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ യുവാവിനെ തിങ്കളാഴ്ച രാത്രി നാട്ടുകൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണു ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നേതാവ് സ്റ്റേഷനിലെത്തി കുത്തിയിരുന്നത്. എന്നാൽ, പൊലീസ് വഴങ്ങാതിരുന്നതോടെ രണ്ടു മണിക്കൂറിനു ശേഷം പോയി.

ഇതിനിടെ മൊഴി കൊടുക്കാനായി സ്റ്റേഷനിലെത്തിയ പരാതിക്കാരിയോടു സംസാരിക്കാനും ഇവർ ശ്രമിച്ചതായി ആരോപണമുണ്ട്. സംഭവം വിവാദമായതോടെ ഇന്നലെ ചേർന്ന മണ്ണാർക്കാട് ഏരിയാ കമ്മിറ്റി വിഷയം ചർച്ച ചെയ്തു.

ഏരിയാ സെന്റർ അംഗം കൂടിയായ വനിതാ നേതാവിനെതിരെ അംഗങ്ങൾ ആഞ്ഞടിച്ചു. പാർട്ടി മാർഗരേഖ അനുസരിച്ച്, സ്ത്രീപീഡനക്കേസുകളിൽ ഇരയ്ക്കൊപ്പം നിൽക്കണമെന്നിരിക്കെ പ്രതിക്കുവേണ്ടി നേതാവ് സ്റ്റേഷനിലെത്തിയത് ആരുടെ നിർദ്ദേശപ്രകാരമാണെന്നു വ്യക്തമാക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രദേശത്തെ ലോക്കൽ കമ്മിറ്റിയോ ഏരിയാ കമ്മിറ്റിയോ അറിയാതെയായിരുന്നു നീക്കം. അതിനാൽ, നടപടിയെടുക്കണമെന്നു കമ്മറ്റിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടു.

പി.കെ. ശശിയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്ന ഈ നേതാവിനെതിരെ ശശിയെ അനുകൂലിക്കുന്നവർക്കു ഭൂരിപക്ഷമുള്ള മണ്ണാർക്കാട് ഏരിയാ കമ്മിറ്റി തിരിഞ്ഞത് പാർട്ടിക്കുള്ളിലെ മാറ്റങ്ങളുടെ സൂചനയായിട്ടാണു കരുതുന്നത്.