Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി: മത്സ്യത്തൊഴിലാളികളുടെ ‌ ഭാര്യമാർ പുതുജീവിതത്തിലേക്ക്; 42 പേർക്ക് സർക്കാർ ജോലി

ockhi-boat1

തിരുവനന്തപുരം∙ ഓഖി ദുരന്തത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഭാര്യമാർ‌‌ തൊഴിൽ സുരക്ഷിതത്വത്തിന്റെ പുതുജീവിതത്തിലേക്ക്. ദുരന്തത്തിൽ മരിക്കുകയോ കാണാതാവുകയോ ചെയ്തവരുടെ ഭാര്യമാരിൽ 42പേരാണ് ആദ്യഘട്ടത്തിൽ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. ഇവർക്ക് ഇന്ന് ഉച്ചയ്ക്കു രണ്ടിന് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. മുട്ടത്തറയിൽ മത്സ്യഫെഡിന്റെ വലനെയ്ത്തുശാലയിൽ 41 പേരും കണ്ണൂരിലെ വലനെയ്ത്തു ഫാക്ടറിയിൽ ഒരാളുമാണ് ജോലിയിൽ പ്രവേശിക്കുക.

പൂന്തുറ, പൊഴിയൂർ, വിഴിഞ്ഞം, വള്ളക്കടവ്, പുല്ലുവിള, പൂവാർ തുടങ്ങിയ തീരമേഖലയിലുള്ളവർക്കാണു മുട്ടത്തറ ഫാക്ടറിയിൽ ജോലി നൽകുന്നത്. ഓഖിയിൽ കാണാതായ കാസർകോട് സ്വദേശി സുനിൽകുമാറിന്റെ ഭാര്യ രുഗ്മിണിയാണ് കണ്ണൂരിൽ ജോലിയിൽ പ്രവേശിക്കുന്നത്. ദുരന്തത്തിൽ മരിച്ച വെട്ടുകാട് സ്വദേശി ഷിബു സേവ്യറിന്റെ ഭാര്യ ശെൽവമണിയാണ് കൂട്ടത്തിൽ പ്രായം കുറഞ്ഞയാൾ, 23 വയസ്.

പതിനായിരം രൂപയാണ് ആദ്യ ഘട്ടത്തിൽ ശമ്പളം. വലയുടെ അറ്റകുറ്റപ്പണികൾ, വയൻഡിങ് ഉൾപ്പെടെയുള്ള ജോലികളാണ് നൽകുക. രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയാണ് ജോലി സമയം. പത്തു ദിവസത്തെ തൊഴിൽ പരിശീലനവും നൽകും.

related stories