Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോലിയക്കോടിന്റെ മകനോട് ചൊടിച്ച് മന്ത്രി ജയരാജൻ

E.P. Jayarajan

തിരുവനന്തപുരം∙ പവർ ഇൻഫ്രാടെക് കമ്പനിക്കു ബീയർ ഉൽപാദനകേന്ദ്രം (ബ്രൂവറി) സ്ഥാപിക്കാൻ കളമശേരി കിൻഫ്ര പാർക്കിൽ സ്ഥലം അനുവദിച്ചതു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണൻനായരുടെ മകനും കിൻഫ്ര പ്രോജക്ട് ജനറൽ മാനേജരുമായ ടി. ഉണ്ണിക്കൃഷ്ണൻ. സ്ഥലം ലഭ്യമാണോയെന്നു ചോദിച്ചപ്പോൾ ഉണ്ടെന്നു പറഞ്ഞതേയുള്ളൂവെന്നും ഇതുവരെ കൈമാറിയിട്ടില്ലെന്നുമുള്ള വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഇതറിഞ്ഞു ക്ഷുഭിതനായി ഉണ്ണികൃഷ്ണനെ വിളിച്ച്, ഇനി മാധ്യമങ്ങളെ കാണരുതെന്ന് ആവശ്യപ്പെട്ടു. 

പവർ ഇൻഫ്രാടെക്കിന്റെ അപേക്ഷയിൽ മൂന്നാം ദിവസം അനുകൂല മറുപടി നൽകിയെന്ന ആരോപണം ഉണ്ണികൃഷ്ണൻ നിഷേധിക്കുന്നുവെങ്കിലും അദ്ദേഹം കമ്പനിക്കു നൽകിയ കത്ത് ഇത്തരത്തിലുള്ളതല്ല. സ്ഥലം കൈമാറാൻ തയാറാണെന്നാണ് (‌ready to allot) 2017 മാർച്ച് 29നു കമ്പനിക്കു നൽകിയ കത്തിൽ പറയുന്നത്. അപേക്ഷ ലഭിച്ചു മൂന്നാം ദിവസമാണിത്. 

മറ്റു വകുപ്പുകളുടെ കൂടി അനുമതി തേടിയ ശേഷം സ്ഥലം കൈമാറുന്നതിനെക്കുറിച്ചു തീരുമാനിക്കാമെന്ന് അറിയിച്ചെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം. എന്നാൽ തീരുമാനം പിന്നീട് എന്നു കത്തിൽ പറയുന്നതേയില്ല. മറ്റു വകുപ്പുകളുടെ അനുമതി കൂടി ഉടൻ വാങ്ങണമെന്നു മാത്രമാണു നിർദേശം. എ.സി.മൊയ്തീൻ വ്യവസായ മന്ത്രിയായിരിക്കെയാണു പവർ ഇൻഫ്രാടെക് കിൻഫ്രയെ സമീപിച്ചത്.

ബ്രൂവറിക്കെതിരെ  വിഎസ്

പാലക്കാട് ∙ ജലക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തിൽ ബ്രൂവറി തുടങ്ങുന്നതിനെതിരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്. വിഎസിന്റെ മണ്ഡലമായ മലമ്പുഴയിലെ സ്ഥലമാണിത്. 

ഭൂഗർഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണിതെന്നും വൻതോതിൽ ജലചൂഷണം നടത്തി മാത്രം പ്രവർത്തിക്കാൻ കഴിയുന്ന ബീയർ കമ്പനിക്ക് അനുമതി നൽകിയത് ആശങ്കാജനകമാണെന്നും വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. എംപി ഗ്രൂപ്പിനു കീഴിലെ അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് ആണ് എലപ്പുള്ളിയിൽ ബീയർ ‍ഉൽപാദന കേന്ദ്രം സ്ഥാപിക്കുന്നത്. 

ചായക്കട പോലെ ‌ബ്രൂവറിയും: ജയരാജൻ

കണ്ണൂർ∙ ബ്രൂവറികൾക്ക് ഇനിയും അപേക്ഷ ലഭിച്ചാൽ പരിശോധിച്ചു നടപടിയെടുക്കുമെന്നു മന്ത്രി ഇ.പി. ജയരാജൻ. ചായക്കട തുടങ്ങാൻ പഞ്ചായത്തുകൾക്ക് അപേക്ഷ ലഭിച്ചാൽ പരിശോധിച്ചു നടപടിയെടുക്കാറുണ്ടല്ലോ. ബ്രൂവറിക്കും ലൈസൻസ് നൽകുന്നതു സർക്കാരിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ്  – ജയരാജൻ പറഞ്ഞു.

related stories