Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ് ഫ്രാങ്കോയ്ക്ക് ജാമ്യം ഇല്ല

bishop-franco-mullakkal

കൊച്ചി ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കേസിന്റെ ഗൗരവവും ബിഷപ്പിന്റെ പദവിയും പരിഗണിച്ചാൽ സാക്ഷികളെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമം ഉണ്ടാകുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക തള്ളിക്കളയാനാവില്ലെന്നു കോടതി വ്യക്തമാക്കി.

പുരോഹിത, സന്യസ്ത വിഭാഗങ്ങൾക്കു മേൽ സ്വാധീനശേഷിയുള്ള ബിഷപ്പിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യുഷൻസ് ഡയറക്ടർ ജനറൽ (ഡിജിപി) മഞ്ചേരി ശ്രീധരൻ നായർ ആവശ്യപ്പെട്ടിരുന്നു. കേസ് ഡയറി വിശദമായി പരിശോധിച്ച കോടതി, കേസിന്റെ സാഹചര്യവും വസ്തുതകളും പരിഗണിച്ച് ജാമ്യം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കി. സംഭവങ്ങളുടെ ക്രമവും സംഭവഗതിയെക്കുറിച്ചുള്ള ഇരയുടെ വിവരണവും മറ്റു സാഹചര്യങ്ങളും പരിഗണിച്ചാൽ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ വ്യാജമെന്നോ കഴമ്പില്ലാത്തതെന്നോ ഈ ഘട്ടത്തിൽ കരുതാൻ വയ്യ.

അധികാരത്തിന്റെ കാര്യത്തിൽ ബിഷപ്പും കന്യാസ്ത്രീയും തമ്മിൽ വലിയ അന്തരമുള്ളതിനാൽ, ബിഷപ്പിന്റെ പദവി ദുരുപയോഗിച്ചു എന്ന ആരോപണം ഈ ഘട്ടത്തിലെങ്കിലും സംശയിക്കേണ്ടതില്ല. ബിഷപ്പിന് അനുകൂലമായി സംസാരിക്കാൻ സാക്ഷികൾക്കു പ്രതിഫലം വാഗ്ദാനം ചെയ്തു കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്നു ഡിജിപി പറയുന്നതു തള്ളിക്കളയാനാവില്ല. സ്ഥലവും വൻതുകയും വാഗ്ദാനം ചെയ്തെന്ന് ആരോപിച്ച് വിവിധ സ്റ്റേഷനുകളിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ നീതിനിർവഹണം സുഗമവും നീതിയുക്തവും ഫലപ്രദവുമായി നടപ്പാകുന്നു എന്ന് ഉറപ്പാക്കേണ്ടതിനു പ്രതിയെ പുറത്തുവിടുന്നത് ഉചിതമല്ല.

ഈ വിഷയം ഇതുവരെ കന്യാസ്ത്രീ രഹസ്യമാക്കി വച്ചതിനെക്കുറിച്ചു ഡിജിപി പറയുന്ന കാരണം വിശ്വസിക്കാവുന്നതാണ്. കന്യാസ്ത്രീക്കെതിരായ പരാതികളിൽ നടപടിയെടുത്തതിനു പിന്നിൽ ബിഷപ് ആണെന്നു കരുതി പകപോക്കാനാണ് ആരോപണങ്ങൾ എന്ന പ്രതിഭാഗം വാദം ഈ ഘട്ടത്തിൽ സ്വീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

related stories