Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാമുകളിലെ ജലനിരപ്പ്: കർശന നിരീക്ഷണത്തിന് നിർദേശം

Idukki Reservoir

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലെയും ജലനിരപ്പും വൃഷ്ടി പ്രദേശത്തെ മഴയുടെ തോതും നിരീക്ഷിക്കാനും സർക്കാരിനു റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗം വൈദ്യുതി, ജലസേചന വകുപ്പുകൾക്കു നിർദേശം നൽകി. 

എല്ലാ ഡാമുകളിലെയും എക്സിക്യൂട്ടിവ് എൻജിനീയർമാർക്ക് ഉടൻ സാറ്റലൈറ്റ് ഫോൺ നൽകും. ഡാമുകൾ തുറക്കുന്നതു കടലിലെ വേലിയേറ്റ, വേലിയിറക്ക സമയം കണക്കിലെടുത്ത ശേഷ‌മാകണമെന്നും നിർദേശമുണ്ട്.  

തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളിലെ ജലനിരപ്പ് അടിയന്തരമായി താഴ്ത്തണമെന്നു കേന്ദ്ര ജലകമ്മിഷനോട് ആവശ്യപ്പെടും. തമിഴ്നാടിന്റെ അധീനതയിലുള്ള ഡാമുകളിൽ ജലനിരപ്പ് പൂർണനിലയിൽ എത്തിയിരിക്കുന്നതിനാൽ ഷോളയാർ ഡാമിന്റെ ഒരു ഷട്ടറും പെരിങ്ങൽക്കുത്ത് ഡാമിന്റെ രണ്ടു ഗേറ്റുകളും തുറന്നു. ഇടമലയാർ ഡാമിന്റെ ജലനിരപ്പ് ഇപ്പോൾ 160 മീറ്റർ താഴെയാണെങ്കിലും ഗേറ്റുകൾ തുറക്കാൻ തീരുമാനിച്ചു. 

ബാണാസുരസാഗർ, കുറ്റ്യാടി ഡാമുകളിൽ നിന്ന് ആവശ്യമെങ്കിൽ‍ ജലം ഒഴുക്കും. 

ശബരിമലയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുകൂടി കണക്കിലെടുത്താകും പമ്പ, കക്കി ഡാമുകളിൽ നിന്നു വെള്ളം തുറന്നുവിടുകയെന്നു കെഎസ്ഇബി അറിയിച്ചു. 

തോട്ടപ്പള്ളി സ്പിൽവേയുടെ പരമാവധി ഷട്ടറുകൾ ഉയർത്താൻ ജലസേചന വിഭാഗത്തോട് ആലപ്പുഴ ജില്ലാ കലക്ടർ നിർദേശിച്ചു. 

ഇരട്ട എൻജിൻ പോലെ രണ്ടാം ന്യൂനമർദവും‌

ഇപ്പോഴത്തെ ന്യൂനമർദം രൂപം കൊള്ളുന്നതു ലക്ഷദ്വീപിനും മാലദ്വീപിനുമിടയിലാണ്. ഞായറാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി ലക്ഷദ്വീപിനു പടിഞ്ഞാറു വശത്തുകൂടി  ഒമാൻ തീരത്തേക്കു നീങ്ങുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതിനു ശേഷവും ഇവിടെ ഇടവിട്ടു മഴ തുടർന്നേക്കും. 

ബംഗാൾ ഉൾക്കടലിൽ രാമേശ്വരം തീരത്തോട് ചേർന്ന് തിങ്കളാഴ്ച മറ്റൊരു ന്യൂനമർദവും രൂപപ്പെടും. ഇരട്ട എൻജിൻ പോലെ അന്തരീക്ഷം പ്രവർത്തിക്കും. മധ്യകേരളത്തിൽ മഴ ശക്തമാകാനും ഇതു കാരണമായേക്കും.

റെഡ് അലർട്ടിലും വൈരുധ്യം

മഴ സംബന്ധിച്ച റെഡ് അലർട്ടിന്റെ കാര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പും തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രവും നൽകുന്ന വിവരങ്ങളിൽ വൈരുധ്യം. മറ്റന്നാൾ ഇടുക്കിയിലും മലപ്പുറത്തും റെഡ് അലർട്ട് എന്നാണു തിരുവനന്തപുരം കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാകട്ടെ, അന്നു കേരളം  മുഴുവൻ  റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

മുന്നറിയിപ്പിന് വിമാനവും

ന്യൂനമർദം കണക്കിലെടുത്തു കടലിലെ മൽസ്യത്തൊഴിലാളികൾക്കു തീരരക്ഷാസേനാ കപ്പലുകളും ഡോണിയർ വിമാനങ്ങളും വഴി മുന്നറിയിപ്പു നൽകിത്തുടങ്ങി. സാഗര മൊബൈൽ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യണമെന്നു നിർദേശിച്ചിട്ടുണ്ട്.

related stories