Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു ജില്ലകളിൽ ഇന്നു കനത്ത മഴ; തുലാവർഷം നാളെ തുടങ്ങിയേക്കും

rain

തിരുവനന്തപുരം /പത്തനംതിട്ട∙ വയനാട്, മലപ്പുറം, പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ പ്രവചനം. കടൽ പ്രക്ഷുബ്ധമായതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. എല്ലാ  കലക്ടർമാരോടും ജാഗ്രത തുടരാൻ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. 

ലക്ഷദ്വീപിൽ നിന്ന് 730 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറു ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണു ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയത്. ഇത് അർധരാത്രിയിൽ അതിതീവ്ര ന്യൂനമർദമായി. ഇന്ന് ചുഴലിക്കാറ്റായി മാറി ഒമാൻ, യെമൻ തീരങ്ങളിലേക്കു നീങ്ങും. 

ചുഴലിക്കാറ്റും ന്യൂനമർദവും വട്ടംചുറ്റുന്നതിനിടെ നാളെ തുലാവർഷത്തിനു തുടക്കമായേക്കും. അടുത്ത വെള്ളി വരെ കേരളത്തിൽ ഉച്ചകഴിഞ്ഞുള്ള മഴയ്‌ക്ക് ഇതു കാരണമാകും. സാധാരണ ഒക്ടോബർ പകുതിക്കു ശേഷമാണ് എത്തുന്നതെങ്കിലും കേരള–തമിഴ്‌നാട് തീരത്തെ കനത്ത മഴമേഘങ്ങളുടെ സാന്നിധ്യമാണ് വടക്കു കിഴക്കൻ മഴയ്‌ക്ക് നേരത്തേ കളമൊരുക്കുന്നത്. 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385 അടിയിൽ ക്രമീകരിക്കാനാണ് ആലോചന. ഇന്നലെ വൈകിട്ട് ആറിന് 2387.38 അടിയാണു ജലനിരപ്പ്.  കൊച്ചിയിൽ നിന്നു പോയ തമിഴ്നാട് റജിസ്ട്രേഷൻ മീൻപിടിത്ത ബോട്ടുകളിൽ 150 എണ്ണം ഒമാൻ തീരത്തുള്ളതായി വിവരം ലഭിച്ചു. ഇവയിൽ പലതിനോടും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ നിർദേശം നൽകി. ബോട്ടുകൾ തീരത്ത് അടുപ്പിക്കാൻ ഒമാൻ സർക്കാരുമായി തമിഴ്നാട് സർക്കാർ ബന്ധപ്പെടുന്നുണ്ട്. ദിവസങ്ങളോളം കടലിൽ തുടരുന്ന ഒരു വള്ളം മാത്രമാണു തീരത്ത് എത്താനുള്ളതെന്നു ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേശപതി പറഞ്ഞു. 

ദുരന്തനിവാരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റിയിലെയും കേന്ദ്ര ദുരന്തപ്രതികരണ സേനയിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക ഏകോപന സെൽ ആരംഭിച്ചു.