Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷട്ടർ തുറന്നു; ഇടുക്കിയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി

Cheruthoni-Dam-Opening ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ ഇന്നലെ ഉയർത്തിയപ്പോൾ വെള്ളം താഴേക്ക് ഒഴുകുന്നു. ഡാമിന്റെ മുകൾ ഭാഗത്തു നിന്നു പകർത്തിയ ദൃശ്യം. ചിത്രം: അരവിന്ദ് ബാല ∙ മനോരമ

ചെറുതോണി∙ അതിതീവ്ര മഴയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഒരു ഷട്ടർ തുറന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴാൻ തുടങ്ങി. ഇന്നലെ രാവിലെ ഏഴിന് അണക്കെട്ടിലെ ജലനിരപ്പ് 2387.54 അടി. 11ന് ഒരു ഷട്ടർ ഉയർത്തി. ഇന്നലെ വൈകിട്ട് ആറിന് ജലനിരപ്പ് 2387.38 അടിയായി കുറഞ്ഞു.

ജനങ്ങളുടെ ആശങ്ക ഒഴിവാക്കാൻ മാത്രമാണ്   ഷട്ടർ ഉയർത്തിയതെന്നു  മന്ത്രി എം.എം. മണി പറഞ്ഞു.  അണക്കെട്ടിൽ അധികജലം ഇല്ലെന്നും മണി വിശദീകരിച്ചു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ പകൽ മഴ പെയ്തില്ല. സംഭരണശേഷിയുടെ 82.17 ശതമാനം വെള്ളം  അണക്കെട്ടിലുണ്ട്.   അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ 70 സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 50000 ലീറ്റർ വെള്ളമാണ്  പെരിയാറിലേയ്ക്ക് ഒഴുക്കുന്നത്.   ഇന്നലെ രാവിലെ 11നുള്ള കണക്കനുസരിച്ച് സെക്കൻഡിൽ 72000 ലീറ്റർ വെള്ളമാണ് ജലസംഭരണിയിലേക്ക് ഒഴുകിയെത്തിയത്.  

2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഓഗസ്റ്റ് 9ന് ജലനിരപ്പ് 2397 അടിയിലെത്തിയപ്പോഴാണ് ഇതിനു മുമ്പ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയത്. ഷട്ടർ എന്ന് അടയ്ക്കണമെന്ന കാര്യം മഴയെ ആശ്രയിച്ചു തീരുമാനിക്കുമെന്നും  അന്തിമ തീരുമാനം  ബോർഡിന്റേതാണെന്നും  ഇടുക്കി കലക്ടർ കെ. ജീവൻബാബു പറഞ്ഞു. 

ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നെടുത്ത തീരുമാന പ്രകാരം വെള്ളി വൈകിട്ട് നാലിന് ഷട്ടർ ഉയർത്തുമെന്നായിരുന്നു ആദ്യം അറിയിപ്പ്.   തീരുമാനം പിന്നീടു മാറ്റുകയും ഇന്നലെ രാവിലെ ആറിന് ഷട്ടർ ഉയർത്തുമെന്ന് അറിയിക്കുകയും ചെയ്തു. വെള്ളി അർ‌ധരാത്രിയോടെ തുറക്കുന്ന സമയം വീണ്ടും മാറ്റി.  ഇന്നലെ രാവിലെ 11 ന് എന്നു തീരുമാനിച്ചു. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച ഈ ആശയക്കുഴപ്പത്തിനെതിരെ റോഷി അഗസ്റ്റിൻ എംഎൽഎ രംഗത്തുവന്നു.  മഴ കുറഞ്ഞതുമൂലമാണ്  ഷട്ടർ ഉയർത്തുന്നതു സംബന്ധിച്ച സമയം മാറ്റിയതെന്നു കെഎസ്ഇബി അറിയിച്ചു.

ചെറുതോണിയിൽ വെള്ളം ഉയർന്നത്  അന്ന് അഞ്ചടി,  ഇന്നലെ ഒരടി

അണക്കെട്ട് ഇതിനു മുമ്പ് തുറന്നത് ഓഗസ്റ്റ് 9ന്. അന്നത്തെയും ഇന്നലത്തെയും സ്ഥിതി – താരതമ്യം

∙ ജലനിരപ്പ്

ഓഗസ്റ്റ് 9  12.30 – 2397 അടി

ഇന്നലെ  11 ന് – 2387.50

∙ ചെറുതോണിപ്പുഴ

ഓഗസ്റ്റ് 9  –  അഞ്ച് അടിയോളം വെളളം ഉയർന്നു 

ഇന്നലെ – ഉയർന്നത് ഒരടിയോളം

∙ ചെറുതോണിപ്പാലം

ഓഗസ്റ്റ് 9 – ഗതാഗതം നിരോധിച്ചു

ഇന്നലെ–  സാധാരണ നിലയിൽ

∙ നാശനഷ്ടം

ഓഗസ്റ്റ് 9– പെരിയാർ തീരത്തും തടിയമ്പാട് ചപ്പാത്തിലും വെള്ളം കയറി, വ്യാപക നാശനഷ്ടം

ഇന്നലെ– വെള്ളം കയറിയില്ല, നാശനഷ്ടങ്ങളില്ല