Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ.മുഹമ്മദ് കുഞ്ഞി ‌ അന്തരിച്ചു

pk-muhammed-kunji

പെരുമ്പിലാവ് ∙ കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് സൈദ്ധാന്തികനും പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ പി.കെ.മുഹമ്മദ് കുഞ്ഞി (95) അന്തരിച്ചു. കബറടക്കം ഇന്നു പത്തിനു പരുവക്കുന്ന് ജുമാ മസ്ജിദിൽ. പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ ജനിച്ചു. 14ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. കൊൽക്കത്തയിൽ നടന്ന ആദ്യ പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.

ചെറുപ്രായത്തിൽ തന്നെ ദേശാഭിമാനിയുടെ പത്രാധിപസമിതി അംഗമായി. 1957ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊണ്ടോട്ടിയിൽനിന്നു മത്സരിച്ചു തോറ്റു. ഐക്യകേരളം എന്ന പേരിൽ വാരിക തുടങ്ങിയെങ്കിലും പിന്നീടു നിരോധിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയ ‘മുസ്​ലിംകളും കേരള സംസ്കാരവും’ അടക്കം 12 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു.

കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, ലളിതകലാ അക്കാദമി, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ഫിലിം സെൻസർ ബോർഡ്, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ ഭരണസമിതി അംഗമായിരുന്നു. അറബിഭാഷാ സാഹിത്യ ചരിത്രം, ബൊക്കാച്യോവും പിൻഗാമികളും, അന്വേഷണവും കണ്ടെത്തലും, പതിനൊന്നു മഹാകവികൾ, അൽ അമീൻ, മുണ്ടശേരി– വ്യക്തിയും കൃതികളും, വൈകി വന്നവൾ, ഉമ്മീം മോളും, അപമാനിതർ എന്നിവയാണു മറ്റു കൃതികൾ.

ഭാര്യമാർ: പരേതയായ ഉമ്മയക്കുട്ടി, ജമീല. മക്കൾ: മുഹമ്മദ് സഹീർ, പരേതരായ പി.എം.അബൂബക്കർ, റെയ്ഹാന, സുഹറ. മരുമക്കൾ: പരുത്തിക്കുന്നൻ ഹസൻ, ഡോ. മുഹമ്മദ് ബിൻ അഹമ്മദ്, സൗദ, ആയിഷ.