Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിമാരുടെ കത്തിൽ തീരുമാനം എടുക്കാതെ ‘അമ്മ’ യോഗം

AMMA logo

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ടു മൂന്നു നടിമാർ നൽകിയ കത്തിൽ വീണ്ടും തീരുമാനമെടുക്കാതെ അഭിനേതാക്കളുടെ സംഘടനയായ അമ്മ. ഇക്കാര്യത്തിൽ ജനറൽ ബോഡി യോഗത്തിൽ മാത്രമേ തീരുമാനം എടുക്കാനാവൂ എന്ന നിലപാടാണു ഇന്നലെ ചേർന്ന നിർവാഹക സമിതി യോഗം സ്വീകരിച്ചത്. അങ്ങനെയാണ് തങ്ങൾക്കു നിയമോപദേശം ലഭിച്ചതെന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ വിശദീകരണം. 

‘ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത് ജനറൽ ബോഡിയാണ്. അക്കാര്യം നിർവാഹക സമിതിക്കു പുനഃപരിശോധിക്കാനാവില്ലെന്നും ജനറൽ ബോഡി യോഗം തന്നെ തീരുമാനിക്കണമെന്നുമാണ് നിയമോപദേശം. ഇക്കാര്യം രേഖാമൂലം കത്തു തന്നവരെ അറിയിക്കും. ജനറൽ ബോഡി വരെ അവർ കാത്തിരിക്കേണ്ടി വരും. ഇല്ലെങ്കിൽ അവർ എന്താണു ചെയ്യാൻ പോകുന്നതെന്നറിയില്ല. ജനറൽ ബോഡി യോഗം എന്നു നടക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. അതിനു വലിയ നടപടി ക്രമങ്ങളുണ്ട്. അംഗങ്ങളുടെയെല്ലാം സൗകര്യവും പരിഗണിക്കണം. തൽക്കാലം അടുത്ത വർഷത്തെ ജനറൽ ബോഡി എന്നേ പറയാനാവൂ. പ്രത്യേക ജനറൽ ബോഡി വിളിക്കണോ എന്ന കാര്യം പരിശോധിക്കണം. ഈ വിഷയത്തിൽ സംഘടനയ്ക്ക് ഒരു ദോഷവുമില്ല’- മോഹൻലാൽ വ്യക്തമാക്കി. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ രൂപം കൊണ്ട സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ച് അമ്മ അംഗങ്ങളായ രേവതി, പാർവതി തിരുവോത്ത്, പത്മപ്രിയ എന്നിവരാണ് ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ടു കത്ത് നൽകിയത്. പ്രതിയാക്കപ്പെട്ടപ്പോൾ അമ്മയിൽ നിന്നു പുറത്താക്കിയ ദിലീപിനെ കഴിഞ്ഞ ജനറൽബോഡി യോഗത്തിൽ സംഘടനയിലേക്കു തിരിച്ചെടുക്കാൻ തീരുമാനിച്ചതിനെതിരെയായിരുന്നു ഇവരുടെ കത്ത്. 

കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് മൂന്നു നടിമാരും അമ്മ നിർവാഹക സമിതിയുമായി ചർച്ച നടത്തി വീണ്ടും വിശദമായ കത്തു നൽകി. രണ്ടു മാസമായിട്ടും ഇക്കാര്യത്തിൽ തീരുമാനമില്ലാതെ വന്നതോടെ കഴിഞ്ഞ ദിവസം മൂന്നാമത്തെ കത്ത് ഇവർ അമ്മ നേതൃത്വത്തിനു നൽകി.

അടുത്ത ചൊവ്വാഴ്ചക്കകം ദിലീപ് വിഷയത്തിൽ തീരുമാനം അറിയിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. എന്നാൽ ഇവരുടെ ആവശ്യത്തോടു വഴങ്ങേണ്ടെന്ന നിലപാടിലാണ് അമ്മ നേതൃത്വം. ഇതിനായി നിർവാഹക സമിതി യോഗം ചേരും മുൻപു തന്നെ നിയമോപദേശം സംഘടിപ്പിച്ചിരുന്നു. ഇതു യോഗത്തിൽ അവതരിപ്പിച്ച് കൂടുതൽ ചർച്ചകൾക്കു വഴിവയ്ക്കാതെ തീരുമാനം എടുക്കുകയും ചെയ്തു.

ഇതോടെ അമ്മ-ഡബ്ല്യുസിസി തർക്കം കൂടുതൽ രൂക്ഷമാവുകയാണ്. നിർവാഹക സമിതിക്ക് അച്ചടക്ക നടപടിയിൽ തീരുമാനം എടുക്കാനാവില്ലെന്ന അമ്മ നേതാക്കളുടെ വാദം അടിസ്ഥാന രഹിതമാണെന്നു ഡബ്ല്യുസിസി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.

നടൻ തിലകനെതിരെ അച്ചടക്ക നടപടി സ്വകരിച്ചതും അമ്മ നിർവാഹക സമിതിയാണ്. ജനറൽ ബോഡി യോഗം ചേർന്നല്ല. തിലകനു ബാധകമായ അധികാരം ദിലീപിന്റെ കാര്യത്തിൽ ഇല്ലാതാവുന്നതെങ്ങനെയെന്നാണ് ഇവർ ഉന്നയിക്കുന്ന ചോദ്യം.

related stories