തിരുവനന്തപുരം∙ പ്രളയം തകർത്ത വീടുകളുടെ പുനർനിർമാണം നവംബർ ഒന്നിന് ആരംഭിച്ചു നൂറു ദിവസത്തിനകം പൂർത്തിയാക്കാനുള്ള കർമപദ്ധതിയുമായി സർക്കാർ. ഇൗ ചാലഞ്ച് എല്ലാവരും ഏറ്റെടുക്കണമെന്നു വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് നിർദേശിച്ചു. 17,000 വീടുകളാണു പുനർനിർമിക്കേണ്ടി വരുന്നത്. നിർമാണം സ്പോൺസർ ചെയ്യാൻ സന്നദ്ധത അറിയിച്ച് ഒട്ടേറെപ്പേർ മുന്നോട്ടു വന്നിട്ടുണ്ട്. ചില വീടുകൾ ഗുണഭോക്താക്കൾതന്നെ പുതുക്കിപ്പണിയാൻ സന്നദ്ധത അറിയിച്ചു.
ഭാവിയിൽ വീടിന്റെ വിസ്തൃതി ആവശ്യമെങ്കിൽ കൂട്ടാവുന്ന വിധമായിരിക്കണം നിർമാണം. പ്രീഫാബ്രിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചു വീടുകൾ നിർമിക്കുന്ന ഏജൻസികളുമായി യോഗത്തിൽ ചർച്ചയുണ്ടായി. രണ്ടു കിടപ്പു മുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടുന്ന 400 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുകൾ നിർമിക്കുന്നതിനു നാലു ലക്ഷം രൂപയാണു നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം ലൈഫ് മിഷനിലെ വീടുകളും നഗരസഭാ കെട്ടിടങ്ങളും ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിക്കുന്നതും പരിഗണനയിലുണ്ട്.
സ്ഥലം ലഭ്യമല്ലാത്തയിടങ്ങളിൽ ഫ്ലാറ്റുകൾ പരിഗണിക്കും. ഗുണനിലവാരമുള്ള വീടുകൾ കുറഞ്ഞ സമയത്തിൽ നിർമിക്കുന്ന ഏജൻസികൾക്കാണു മുൻഗണന. കമ്പനികൾ വിവിധ നിർമാണ സാങ്കേതികവിദ്യകൾ യോഗത്തിൽ അവതരിപ്പിച്ചു.