Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ വികസന പദ്ധതികളുടെ കൺസൽറ്റന്റ് നിയമനം മുടങ്ങി

railway-sabari

കൊച്ചി ∙ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസിഎൽ) പദ്ധതികളുടെ ജനറൽ കൺസൽറ്റന്റ് നിയമനം അനിശ്ചിതത്വത്തിൽ. തിരുവനന്തപുരം – കാസർകോട് സെമി ഹൈസ്‌പീഡ് പാത (575 കിലോമീറ്റർ), തിരുവനന്തപുരം – ചെങ്ങന്നൂർ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം, തലശേരി – മൈസൂരു പാത, പുനലൂർ – എരുമേലി പാത തുടങ്ങിയ പദ്ധതികളാണു പ്രതിസന്ധിയിൽ. ജനറൽ കൺസൽറ്റന്റിനെ തിരഞ്ഞെടുക്കാൻ കോർപറേഷൻ നടപടി തുടങ്ങിയിട്ടു നാളേറെയായി.

കരാറിനായി നാലു കമ്പനികളായിരുന്നു തുടക്കത്തിൽ രംഗത്തുണ്ടായിരുന്നത്. അന്തിമ റൗണ്ടിൽ ജിയോ ഡേറ്റയും (ഇറ്റലി) ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസിറ്റ് സിസ്റ്റംസും (ഡിഐഎംടിഎസ്) ചേർന്നുള്ള കൺസോർഷ്യവും പാരിസിൽ നിന്നുള്ള സിസ്ട്രയുമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്തതു സിസ്ട്രയായിരുന്നെങ്കിലും നിയമനം നടന്നില്ല. കെആർഡിസിഎൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനം വൈകുകയാണ്.

നയപരമായ കാര്യമായതിനാൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന നിലപാടാണു സംസ്ഥാനത്തിനുള്ളത്. സെമി ഹൈസ്പീഡ് വേണോ ബുള്ളറ്റ് ട്രെയിൻ വേണോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരാനുണ്ട്. ഇക്കാര്യത്തിൽ മന്ത്രിസഭാ തീരുമാനം ഉണ്ടാകാതെ കൺസൽറ്റന്റ് നിയമനവുമായി മുന്നോട്ടുപോകാനാകില്ല.

ഇതിനിടെ ബോർഡിലെ സ്വതന്ത്ര അംഗമായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ ആ സ്ഥാനത്തു നിന്നു സംസ്ഥാന സര്‍ക്കാര്‍ നീക്കി. ബോർഡ് അംഗങ്ങൾ തമ്മിലുള്ള വടംവലി കെആർഡിസിഎല്ലിൽ തുടക്കം മുതലുണ്ട്. ഇതുമൂലം ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ കോർപറേഷന് ഒരു പദ്ധതി പോലും ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല.

related stories