Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയകാലത്തെ മഴയുടെ തോത് 1924നു സമാനമെന്ന് സർക്കാർ ഹൈക്കോടതിയിൽ

INDIA-FLOODS/

കൊച്ചി∙ ഈ വർഷം ഓഗസ്റ്റ് 15, 16, 17 തീയതികളിൽ പെയ്ത മഴയുടെ തോത് മുൻപു വെള്ളപ്പൊക്കമുണ്ടായ 1924ലേതിനു സമാനമാണെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അണക്കെട്ടുകളിലെ വെള്ളം ഒഴുക്കിയതാണു വെള്ളപ്പൊക്കമുണ്ടാക്കിയതെന്ന ആരോപണം ശരിയല്ല, അതിതീവ്ര മഴയാണു നദികളിലെ ജലവിതാനം ഉയർത്തിയതെന്നു സർക്കാർ വിശദീകരിച്ചു.

പ്രളയവുമായി ബന്ധപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ മിഷൻ നൽകിയതുൾപ്പെടെ ഹർജികളിലാണു സത്യവാങ്മൂലം. പ്രതീക്ഷകൾക്കും പ്രവചനങ്ങൾക്കും അപ്പുറമുള്ളതും നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതുമായ മഴയാണുണ്ടായതെന്നു സർക്കാർ വിശദീകരിച്ചു.

1924 ജൂലൈ 16, 17, 18 തീയതികളിൽ പെയ്തത് 443 മി.മീ. മഴയാണ്. 2018 ഓഗസ്റ്റ് 15 മുതൽ 17 വരെ 414 മി.മീ. മഴ പെയ്തു. 2018ൽ ഈ മൂന്നു ദിവസങ്ങളിൽ പമ്പ, പെരിയാർ, ഭാരതപ്പുഴ തടങ്ങളിൽ പെയ്ത മഴയെ 1924ൽ ദേവികുളം മേഖലയിലുണ്ടായ കൊടുങ്കാറ്റിനോടു തുലനം ചെയ്യാവുന്നതാണെന്ന് 2018ലെ പ്രളയം സംബന്ധിച്ച കേന്ദ്ര ജല കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഐഎംഡിയുടെ ഓഗസ്റ്റ് ഒൻപതിലെ ബുള്ളറ്റിനിൽ പോലും കനത്ത മഴ പ്രവചിച്ചിരുന്നില്ല. ഓഗസ്റ്റ് 15നു പകലാണ് അതിതീവ്ര മഴയുടെ പ്രവചനം വന്നത്. അപ്പോഴേക്കും കേരളത്തിൽ വെള്ളപ്പൊക്കമായി. ഇടുക്കിയിൽ അന്ന് 235 മി.മീ, പീരുമേട്ടിൽ 274 മി.മീ. മഴ പെയ്തുകഴിഞ്ഞിരുന്നു. ഇടുക്കി ഡാമിൽ നിന്ന് ഒരുതുള്ളി വെള്ളം തുറന്നുവിട്ടില്ലെങ്കിൽ പോലും പെരിയാറിൽ വെള്ളപ്പൊക്കമുണ്ടാകുമായിരുന്നു എന്നു ജല കമ്മിഷൻ റിപ്പോർട്ടിലുണ്ട്.

ബാണാസുര സാഗർ ജൂലൈ 16 മുതൽ ഓഗസ്റ്റ് അഞ്ചു വരെയും പിന്നീട് എട്ടു മുതലും തുറന്നിരുന്നു. വയനാട്ടിൽ വെള്ളപ്പൊക്കമുണ്ടായ ദിവസങ്ങളിൽ കബനിയിലൂടെ ഒഴുകിയ വെള്ളം ബാണാസുര സാഗർ അണക്കെട്ടിൽ നിന്നു തുറന്നുവിട്ടതിലും വളരെ കൂടുതലായിരുന്നു. കെഎസ്ഇബിയുടെ 59 ഡാമുകളിൽ 37 എണ്ണം നിരന്തരം തുറക്കുന്നവയാണ്. കെഎസ്ഇബി ഡാമുകളെല്ലാം മുന്നറിയിപ്പു നൽകിയാണു തുറന്നത്.

ജലവിതരണ വകുപ്പിന് 16 ഡാമുകളും നാലു ബാരിജുകളുമാണുള്ളത്. മേയ് മുതൽ ഓഗസ്റ്റ് വരെ പലപ്പോഴായാണു ഡാമുകൾ തുറന്നത്. ഒന്നിച്ചു തുറന്നുവെന്ന ആക്ഷേപം തെറ്റാണ്. കേരളത്തിലെ അണക്കെട്ടുകളിൽ നിന്നുള്ള വെള്ളം മൂലമല്ല വെള്ളപ്പൊക്കമുണ്ടായതെന്നു കേന്ദ്ര ജല കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ദേശീയ ദുരന്തനിവാരണ പദ്ധതി പ്രകാരം പ്രളയഭൂപടം ഉണ്ടാക്കേണ്ടതു കേന്ദ്ര ഏജൻസികളുടെ ചുമതലയാണെന്നും സർക്കാർ ബോധിപ്പിച്ചു.

related stories