Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേര്യമംഗലത്ത് ഉരുൾപൊട്ടി 2 വീടു തകർന്നു

കോതമംഗലം ∙ നേര്യമംഗലം ചെമ്പൻകുഴിയിൽ ഉരുൾപൊട്ടി 2 വീടു ഭാഗികമായി തകർന്നു. പ്രദേശത്തേക്കുള്ള റോഡും തകർന്നു. 5 വീട് ഒറ്റപ്പെട്ടു. കൊച്ചുതൊട്ടിയിൽ തോമസ്, കിഴക്കേടത്ത് വേലപ്പൻനായർ എന്നിവരുടെ വീടുകളാണു ഭാഗികമായി തകർന്നത്. 

ശക്തമായ മഴയിൽ വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ തോട് ഗതിമാറി ഒഴുകിയാണ് വീടുകൾക്കു നാശമുണ്ടായത്. തോമസിന്റെ വീടിനോടു ചേർന്നുള്ള തൊഴുത്ത് തകർന്നു രണ്ടു പശുക്കളെ കാണാതായി. വീട്ടുമുറ്റത്തുകിടന്ന പുതിയ ഓട്ടോറിക്ഷയും ഒഴുക്കിൽപ്പെട്ടു നശിച്ചു. 

ഇടുക്കി റോഡിൽ ചെമ്പൻകുഴി പമ്പ് ഹൗസ് ജംക്‌ഷനിൽനിന്ന് അരകിലോമീറ്ററോളം മാറി ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. പണ്ടാരത്തിൽ ഷിബു, ഇല്ലത്തുകുടി ജോളി, കുന്നുമ്മേൽ പൗലോസ് എന്നിവരുടെ വീടുകളിലേക്കുള്ള വഴി മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പ്രദേശത്തെ 5 വീടുകളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.