Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രക്ഷോഭത്തെ തള്ളി വെള്ളാപ്പള്ളി ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമായിരുന്നു

Vellappally Natesan

ആലപ്പുഴ ∙ ശബരിമല വിഷയത്തിൽ സർക്കാരിനെ ന്യായീകരിച്ചും ഭക്തരുടെ പ്രക്ഷോഭത്തെ തള്ളിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതേസമയം, കോടതിവിധി നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിയെ കർമം കൊണ്ടു മറികടക്കാം. ശബരിമലയിൽ പോകില്ലെന്നു 10 – 50 പ്രായക്കാരായ സ്ത്രീകൾ തീരുമാനിക്കണം. വിധിയുടെ പേരി‍ൽ വിദ്വേഷം വളർത്തുന്നതിനോടു യോജിപ്പില്ല. ഭക്തരുടെ വികാരം മുഖ്യമന്ത്രിക്കും കോടതിക്കും ജനങ്ങൾക്കും മനസ്സിലായിട്ടുണ്ട്. സർക്കാർ സത്യസന്ധമായി വിശദീകരിച്ചിട്ടും പ്രതിഷേധം തുടരുന്നതു നല്ലതല്ല – വെള്ളാപ്പള്ളി പറ‍ഞ്ഞു.

മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമായിരുന്നു

ആലപ്പുഴ ∙ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചപ്പോൾ പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും പോകാതിരുന്നതു ശരിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചർച്ചയ്ക്കു പോയി അഭിപ്രായം പറയാമായിരുന്നു. വേറെയും ഹിന്ദു സംഘടനകളുണ്ട്. മുഖ്യമന്ത്രി അവരെ വിളിച്ചു ചർച്ച ചെയ്യണം. 

കോൺഗ്രസിനും ബിജെപിക്കും ഗോളടിക്കാൻ അവസരം കിട്ടിയെന്നു മാത്രം.ദേവസ്വം ബോർഡ് പ്രസിഡന്റിനു നിലപാടും നിലവാരവുമില്ല. രണ്ടു പക്ഷത്തെയും സുഖിപ്പിച്ച് അദ്ദേഹം പ്രക്ഷോഭത്തീയിൽ എണ്ണയൊഴിക്കുകയാണ്. എൻഡിഎ എന്നതു കേരളത്തിൽ കാണാറില്ല. പരിപാടികളെല്ലാം ബിജെപിയുടെ പേരിലാണു നടക്കുന്നത് – വെള്ളാപ്പള്ളി പറഞ്ഞു.