Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: നിലപാടു മാറ്റി വെള്ളാപ്പള്ളി; പ്രവർത്തകർക്കു സമരത്തിൽ ചേരാം

Vellappally Natesan വെള്ളാപ്പള്ളി നടേശൻ

ചേർത്തല ∙ ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്ന സമരത്തെ എസ്എൻഡിപി യോഗം പിന്തുണയ്ക്കുന്നില്ലെങ്കിലും പ്രവർത്തകർക്ക് ആചാര, വിശ്വാസ സംരക്ഷണത്തിനായി അവരവർ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾക്കനുസരിച്ചു സമരത്തിൽ പങ്കെടുക്കാമെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്നോട് അഭിപ്രായം ചോദിക്കുന്ന പ്രവർത്തകരോടു സമരത്തിൽ പങ്കെടുക്കരുതെന്ന നിർദേശമാണു നൽകിയതെന്നു കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ ഇരന്നുവാങ്ങിയ അടിയാണ് ഇപ്പോഴത്തെ സമരമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം സർക്കാരിനെ പിന്തുണച്ച വെള്ളാപ്പള്ളി നടേശൻ ഇന്നലെ നടന്ന എസ്എൻഡിപി യോഗം കൗൺസിലിനു ശേഷമാണു നിലപാടുകൾ മയപ്പെടുത്തി വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തിയത്. വെള്ളാപ്പള്ളിയുടെ ആദ്യ നിലപാട് പുറത്തുവന്ന ശേഷവും തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെഎസ് സമരരംഗത്തു തുടരുകയാണ്. നിയമം അനുസരിക്കേണ്ടതാണെങ്കിലും വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കില്ലെന്നതിനാൽ സുപ്രീം കോടതി വിധി അപ്രസക്തമാണ്. അതിന്റെ പേരിൽ വിശ്വാസത്തെ ചൂടുപിടിപ്പിച്ചു തെരുവിൽ നടക്കുന്ന സമരം നാട്ടിൽ കലാപം സൃഷ്ടിക്കും. ഇപ്പോൾ നടക്കുന്ന സമരം നാഥനില്ലാത്തതാണ്. അതിന് ആളെക്കൂട്ടേണ്ട ബാധ്യത എസ്എൻഡിപി യോഗത്തിനില്ല. എന്നാൽ, സമരത്തിനു മുൻപു ചർച്ച ചെയ്തിരുന്നെങ്കിൽ ആചാര സംരക്ഷണത്തിനു മുൻനിരയിൽ എസ്എൻഡിപി യോഗം ഉണ്ടാകുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എൻഎസ്എസിന് അവരുടേതായ അജൻഡയുണ്ട്. ഇപ്പോൾ സമരത്തിനു മുന്നിട്ടിറങ്ങിയവർ എസ്എൻഡിപി യോഗത്തിലുള്ളവരെ ഹിന്ദുക്കളായി കണ്ടില്ല. തന്റെ നിലപാട് അറിയിച്ച ശേഷം ബിജെപി നേതാക്കൾ ബന്ധപ്പെട്ടിട്ടില്ല. സർക്കാരിന്റെ കൂടെയോ ഭക്തന്റെ കൂടെയോ എന്നു ചോദിച്ചാൽ താൻ ഭക്തന്റെ ഭാഗത്തു തന്നെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അടുത്ത നടപടികൾ തീരുമാനിക്കാൻ യൂണിയൻ ഭാരവാഹികളുടെയും ബോർഡ് അംഗങ്ങളുടെയും യോഗം വിളിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.