Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരയോഗങ്ങൾ ആർഎസ്എസ് പിടിക്കും: എൻഎസ്എസിന് കോടിയേരിയുടെ മുന്നറിയിപ്പ്

Kodiyeri_Balakrishnan

തിരുവനന്തപുരം∙ ശബരിമല സമരത്തിൽ അണിചേർന്നിരിക്കുന്ന എൻഎസ്എസ് അതിലെ അപകടം തിരിച്ചറിയണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി പത്രത്തിലെ ‘രണ്ടാം വിമോചനസമര മോഹം’ എന്ന ലേഖനത്തിലാണു കോടിയേരിയുടെ ഉപദേശം.  

സർക്കാരിനെതിരായുള്ള നീക്കങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുന്നത് ആർഎസ്എസ്– ബിജെപി സംഘമാണെന്ന് എൻഎസ്എസ് നേതൃത്വം തിരിച്ചറിയുന്നില്ലെന്നു കോടിയേരി അഭിപ്രായപ്പെട്ടു. എൻഎസ്എസിന്റെ പല കരയോഗങ്ങളുടെയും ഭാരവാഹികൾ നാമജപ ഘോഷയാത്രയ്ക്ക് ആളെ കൂട്ടുകയും ആളു കൂടുമ്പോൾ അതിന്റെ നേതൃത്വം ആർഎസ്എസ്, ബിജെപി നേതാക്കളുടേതാകുകയും ചെയ്യുന്നു. 

സമരത്തിൽ പങ്കെടുക്കുകയും കൊടി പിടിക്കാതിരിക്കുകയും ചെയ്യുകയെന്നതാണു കോൺഗ്രസ് നയം. ഇതിലൂടെ ത്രിവർണ പതാകയെ വർഗീയ ശക്തികൾക്ക് അടിയറ വയ്ക്കുകയാണെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. 

പ്രകോപനം അരുതെന്ന് എൽഡിഎഫ്

തിരുവനന്തപുരം∙ ശബരിമലയുമായി ബന്ധപ്പെട്ടു വിവാദപ്രതികരണങ്ങൾ അരുതെന്ന് എൽഡിഎഫ്. മുന്നണി നേതൃയോഗത്തിലുയർന്ന നിർദേശം മന്ത്രിമാരെയും പാർട്ടി നേതാക്കളെയും അറിയിക്കും. സർക്കാരിന്റെ ഭാഗത്തുനിന്നു പ്രകോപനപരമായ നടപടിയോ പ്രതികരണമോ പാടില്ല. വിവാദത്തിൽ പല നിർദേശങ്ങളും ചർച്ചകളും ഉയരാം. സൂക്ഷ്മമായി പഠിച്ചും കൂട്ടായി ആലോചിച്ചും മാത്രം ഇക്കാര്യങ്ങളിൽ‍ സർക്കാരിന്റെ നിലപാടു വ്യക്തമാക്കിയാൽ മതിയെന്നാണു മുന്നണി നിർദേശം.