Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്രോ ബ്രൂവറി: ചട്ടങ്ങളിൽ ഭേദഗതി വേണമെന്ന് എക്സൈസ് കമ്മിഷണർ; ശുപാർശ സമർപ്പിച്ചത് 2017 നവംബറിൽ

brewery

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മൈക്രോ ബ്രൂവറികൾ ആരംഭിക്കുന്നതിനു ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങിന്റെ ശുപാർശ.

ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിന്റെ പശ്ചാത്തലത്തിലാണു 2017 നവംബർ ഒൻപതിന് കമ്മിഷണർ സമർപ്പിച്ച ശുപാർശ പുറത്തുവന്നത്. റിപ്പോർട്ട് പുറത്തുവിടണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. 

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മൈക്രോ ബ്രൂവറി സ്ഥാപിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടു 10 ഹോട്ടൽ ഉടമകൾ മന്ത്രി ടി.പി.രാമകൃഷ്ണനെ സമീപിച്ചത്. തുടർന്നു പഠനം നടത്താൻ കമ്മിഷണറെ ചുമതലപ്പെടുത്തി. ബെംഗളൂരുവിലെ മൈക്രോ ബ്രൂവറികൾ സന്ദർശിച്ചശേഷം കമ്മിഷണർ റിപ്പോർട്ട് തയാറാക്കി. നിലവിലെ ചട്ടങ്ങൾ  ഭേദഗതി ചെയ്യണമെന്നു കമ്മിഷണർ ശുപാർശ ചെയ്തു. കർണാടക സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തശേഷമാണ് മൈക്രോ ബ്രൂവറികൾ അനുവദിച്ചത്. ഇതിന്റെ വിപണി സാധ്യതയും സാമൂഹിക പ്രത്യാഘാതങ്ങളും പരിഗണിക്കണം. ഒരു മൈക്രോ ബ്രൂവറിക്കു നാലു കോടി രൂപയോളം ചെലവാകുമെന്നും റിപ്പോർട്ടിൽ ഉണ്ട്.

റിപ്പോർട്ട് ലഭിച്ച് ഒരു വർഷമായിട്ടും സർക്കാർ തീരുമാനമെടുത്തില്ല. ചെലവിനനുസരിച്ചു വിൽപന ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നു മനസിലാക്കി ഹോട്ടൽ ഉടമകൾ മടിക്കുന്നതാണു കാരണം. 

കണ്ണൂരിൽ ബ്ലെൻഡിങ് ടാങ്കിനും അനുമതി 

കൊച്ചി∙ ഇടതുസർക്കാർ അധികാരത്തിലെത്തിയ ശേഷം കണ്ണൂർ കെഎസ് ഡിസ്റ്റിലറിക്ക് 4 അധിക ബ്ലെൻഡിങ് ടാങ്കുകൾ സ്ഥാപിക്കാൻ അനുമതി നൽകി. ഡിസ്റ്റിലറികളുടെ ശേഷി വർധിപ്പിക്കുന്നതു തടഞ്ഞുകൊണ്ടുള്ള 1999 ലെ ഉത്തരവ് നിലനിൽക്കെയാണ് 2017 ൽ അനുകൂല തീരുമാനം കൈക്കൊണ്ടത്. 2017 ജൂലൈ 26ന് അനുമതി ലഭിച്ചതിനു പിന്നാലെ ഡിസ്റ്റിലറിയോടു ചേർന്ന് ബ്രൂവറി തുടങ്ങാനുള്ള അപേക്ഷ കൂടി കെഎസ് ഡിസ്റ്റിലറീസ് സമർപ്പിച്ചു.

related stories